ആലപ്പുഴ: വാദ്യകുലപതി മുഹമ്മ മുരളിയാശാൻ കലാക്ഷേത്രം സുവർണമുദ്ര പുരസ്‌കാരത്തിന് ചെണ്ടവാദ്യ കലാകാരൻ കവിയൂർ സദാശിവൻ അർഹനായതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഒരുപവൻ സ്വർണലോക്കറ്റും പൊന്നാടയും പ്രശസ്ത്രിപത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരം ജനുവരി നാലിന് വൈകിട്ട് 4ന് ക്ഷേത്രകലാപീഠനത്തിൽ പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ സമർപ്പിക്കും. ഗുരുപൂജ പുരസ്കാരം: ക്ഷേത്രകലാപീഠം ചങ്ങങ്കരി അനിൽകുമാർ (സോപാനസംഗീതം), വാദ്യശ്രേഷ്ഠ പുരസ്‌കാരം: പറവൂർ മോഹനൻ (ചെണ്ട), യുവവാദ്യകലാനിധി പുരസ്‌കാരം: തിരുവമ്പാടി ശ്രീകുമാർ (മദ്ദളം) എന്നിവർക്ക് 5,000 രൂപയും പൊന്നാടയും പ്രശസ്ത്രിപത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരം സമ്മാനിക്കും. എട്ടാമത് അനുസ്മരണസമ്മേളനം മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ ഡയറക്ടർ ആർ.എൽ.വി.വിജയകൃഷ്ണൻ, മുഹമ്മ ബിനുമോൻ, മുഹമ്മ ബാബുജി എന്നിവർ പങ്കെടുത്തു.