അമ്പലപ്പുഴ : ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ സർജറി ഐ.സി.യുവിലെ എ.സി തകരാറിലായതിനെ തുടർന്ന് രോഗികൾ ദുരിതത്തിൽ.15 കി​ടക്കകളാണ് സർജറി ഐ.സി.യുവിലുള്ളത്. ഫാൻ ഉപയോഗിച്ചാണ് രോഗികൾ കഴിയുന്നത്.

എ.സി തകരാറിലായതിനെ തുടർന്ന് പുതിയ രോഗികളെ പ്രവേശിപ്പിക്കേണ്ടെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ഇതേ തുടർന്ന് ശസ്ത്രക്രിയകളും മാറ്റിവച്ചു. ഐ.സി.യുവിൽ ബെഡ് കിട്ടാനില്ലാതെ നിരവധി രോഗികൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും ,എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കും പോകുന്നത് പതിവ് കാഴ്ചയാണ്. ആശുപത്രിയിലെ എം.ഡി ഐ.സിയുവിലെ മെഡിസിൻ ഐ.സി.യുവിലെ ശീതീകരണ സംവിധാനം തകരാറിലായിട്ട് രണ്ടു വർഷമായി. അറ്റകുറ്റപ്പണികൾക്കായി താത്ക്കാലികമായി അടച്ച ഐ.സി .യു ഇതുവരെ തുറന്നിട്ടില്ല.11കിടക്കകളായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. ശസ്ത്രക്രിയക്കായി കാത്ത് കിടക്കുന്ന രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റേണ്ട ഗതികേടിലാണ് ബന്ധുക്കൾ.

ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ശസ്ത്രക്രിയകൾ മുടങ്ങുന്ന സാഹചര്യമാണുള്ളത്. രോഗികളെ വലക്കാതെ എത്രയും പെട്ടെന്ന് എ.സി തകരാർ പരിഹരിച്ച് ഐ.സി.യുവിൽ രോഗികളെ പ്രവേശിപ്പിക്കണം

- നിസാർ വെള്ളാപ്പള്ളി, പൊതു പ്രവർത്തകൻ