ആലപ്പുഴ: ആലപ്പുഴ നഗരസഭ മുല്ലയ്ക്കൽ - കിടങ്ങാംപറമ്പ് ചിറപ്പ് പരിസ്ഥിതി സൗഹൃദമായി നടപ്പിലാക്കുന്നതിനും ചിറപ്പിന് സ്ഥാപിച്ചിട്ടുളള താത്കാലിക വ്യാപാരസ്ഥാപനങ്ങൾ അടക്കം എല്ലാ സ്ഥാപനങ്ങളും ഹരിതചട്ടം പാലിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഒരുക്കുന്നതിനും തീരുമാനിച്ചു. താത്കാലിക വ്യാപാര സ്ഥാപനങ്ങളിൽ നിന്നുള്ള മാലിന്യങ്ങൾ അതത് ദിവസം ശേഖരിച്ച് ശുചിത്വമിഷൻ അംഗീകാരമുള്ള ഏജൻസികൾക്ക് കൈമാറും. മുല്ലയ്ക്കൽ തെരുവ് ശുചീകരണത്തിനായി നഗരസഭ ശുചീകരണ തൊഴിലാളികൾ, ഹരിതകർമ്മസേനാംഗങ്ങൾ എന്നിവരടങ്ങുന്ന ടീമിനെ വിന്യസിക്കും. അന്യസംസ്ഥാന തൊഴിലാളികൾ അടക്കം നഗരത്തിൽ ക്യാമ്പ് ചെയ്യുന്ന സാഹചര്യത്തിൽ ആരോഗ്യ വിഭാഗത്തിന്റെയും എയ്ഡ്‌സ് കൺട്രോൾ യൂണിറ്റിന്റെയും സഹകരണത്തോടെ പരിശോധനകൾ ശക്തമാക്കും. കല്ലുപാലം, നഗരചത്വരം, എസ്.ഡി.വി സെന്റിനറി ഹാളിനു സമീപത്തെ എയ്‌റോബിക് യൂണിറ്റിനു സമീപം എന്നീ മൂന്ന് കേന്ദ്രങ്ങളിലായി പൊതുജനങ്ങൾക്കും അന്യസംസ്ഥാന തൊഴിലാളികൾക്കും പൊതു ടൊയ്ലറ്റുകൾ സജ്ജീകരിച്ചിട്ടുണ്ടെന്ന് നഗരസഭ അറിയിച്ചു. ചിറപ്പിന്റെ തിരക്ക് മുന്നിൽകണ്ട് പൊതുജനങ്ങൾക്ക് വൈദ്യസഹായം ലഭ്യമാക്കുന്നതിന് ജനറൽ ആശുപത്രി, പാലിയേറ്റീവ് കെയർ ടീമുകളുടെ മെഡിക്കൽ എയ്ഡ് പോസ്റ്റും, ആംബുലൻസ് സേവനവും സജ്ജമാക്കുമെന്ന് നഗരസഭാദ്ധ്യക്ഷ കെ.കെ .ജയമ്മ, വൈസ് ചെയർമാൻ പി.എസ്.എം. ഹുസൈൻ, ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ എ.എസ്.കവിത എന്നിവർ അറിയിച്ചു.