ആലപ്പുഴ: നഗരം ചിറപ്പാവേശത്തിലേക്ക് കടന്നു. ഒന്നാം ചിറപ്പായിരുന്ന ഇന്നലെ നഗരം കളറായിരുന്നു. വീഥികളിൽ കുട്ടികളുടെ കളിപ്പാട്ടങ്ങൾ മുതൽ വീട്ടുപകരണങ്ങൾ വരെ നിരന്നിട്ടുണ്ട്. എന്നാൽ പതിവ് പോലുള്ള കച്ചവടക്കാരുടെ തിരക്ക് ഇത്തവണയില്ല. പ്രമുഖ വ്യാപാരികൾ സ്റ്റേ ഓർഡർ വാങ്ങിയതിനാൽ പല സ്ഥാപനങ്ങൾക്ക് മുന്നിലും കച്ചവടക്കാർക്ക് ഇരിക്കാൻ സാധിക്കില്ല. രാജസ്ഥാനി ആഭരണങ്ങൾ, ഉത്തരേന്ത്യൻ നിർമ്മിത പാവകൾ, ക്രിസ്മസ് ന്യൂ ഇയർ സ്പെഷ്യൽ ഐറ്റങ്ങൾ, വസ്ത്രങ്ങൾ, ചെരുപ്പുകൾ, ബാഗുകൾ, ശിൽപ്പങ്ങൾ തുടങ്ങി എല്ലാ സാധനങ്ങളും കച്ചവടക്കാർ എത്തിച്ചിട്ടുണ്ട്. ചിറപ്പിന് മാത്രം സുലഭമായി കിട്ടുന്ന കരിമ്പ് കച്ചവടക്കാർ രണ്ട് ദിവസം മുമ്പേ നഗരത്തിൽ സ്ഥാനം പിടിച്ചിരുന്നു. കിടങ്ങാംപറമ്പ് ചിറപ്പ് ആരംഭിക്കുകയും സ്കൂളുകളിലെ ക്രിസ്മസ് പരീക്ഷ അവസാനിക്കുകയും ചെയ്യുന്നതോടെ നഗരവീഥികളിലെ തിരക്ക് വർദ്ധിക്കും.