photo

ചേർത്തല:താലൂക്ക് ആശുപത്രിയിലെ കാരുണ്യ ഫാർമസി രണ്ടുദിവസമായി പ്രവർത്തനം നിറുത്തി.ആശുപത്രിയിൽ പുതിയ കെട്ടിട നിർമ്മാണത്തിന്റെ ഭാഗമായി ഒ.പി ബ്ലോക്ക് പൊളിക്കുന്നതിനാൽ കാരുണ്യ ഫാർമസി നിലവിൽ പ്രവർത്തിച്ചിരുന്നിടത്തുനിന്നും ഒഴിപ്പിച്ചിരുന്നു.പകരം അനുവദിച്ച മുറി കൈമാറുന്നതിലെ ആശയകുഴപ്പമാണ് പ്രവർത്തനം നിലക്കാൻ കാരണമായത്.കാരുണ്യ ഫാർമസിക്കായി പേവാർഡിനോടു ചേർന്നു വനിതാ വികസന കോർപ്പറേഷന് കൈമാറിയിരുന്ന പ്രത്യേക മുറി അനുവദിച്ചു നൽകാൻ ആശുപത്രിയും നഗരസഭയും ഇടപെട്ടു തീരുമാനിച്ചിരുന്നു.ഇതിനായി ആശുപത്രിയുമായി കരാറൊപ്പിടാൻ മെഡിക്കൽ സർവീസ് കോർപ്പറേഷന് നിർദ്ദേശം നൽകിയിരുന്നതാണ്.ഇതുവരെ കോർപ്പറേഷൻ ആശുപത്രിവെച്ച വ്യവസ്ഥകൾ അംഗീകരിച്ച് ഒപ്പിടാൻ തയ്യാറായിട്ടില്ല.അതിനാൽ മുറി ഔദ്യോഗികമായി കൈമാറാനായിട്ടില്ലെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.
എന്നാൽ രോഗികൾക്കു പ്രയോജനകരമാകുന്ന കാരുണ്യ ഫാർമസി ഒരു ആശുപത്രിയിലും വ്യവസ്ഥകൾ പ്രകാരമല്ല പ്രവർത്തിക്കുന്നതെന്നാണ് മെഡിക്കൽ സർവീസ് കോർപ്പറേഷൻ ഉയർത്തുന്നവാദം.പ്രവർത്തനം നിലച്ചതു വിവാദമായതോടെ കോർപ്പറേഷൻ കരാറിൽ ഒപ്പുവെക്കണമെന്ന ആവശ്യമുയർന്നിട്ടുണ്ട്.

..........

 ആശ്രിയിക്കുന്നത് വൃക്കരോഗികൾ
കാരുണ്യ ഫാർമസിയിൽ അവശ്യമരുന്നുകൾക്കടക്കം 20 മുതൽ 93 ശതമാനംവരെ വിലക്കിഴിവ് ഉണ്ടെന്നതിനാൽ നിരവധി രോഗികളാണ് കാരുണ്യ ഫാർമസിയെ ആശ്രയിക്കുന്നത്.പ്രധാനമായും വൃക്കരോഗികൾക്കുള്ള മരുന്നുകൾ ഇവിടം വഴിയാണ് വിതരണം ചെയ്യുന്നത്.ചേർത്തല,തുറവൂർ താലൂക്കാശുപത്രികളിലും സ്വകാര്യ ആശുപത്രിയിലും ഡയാലിസിസ് ചെയ്യുന്ന രോഗികളും മരുന്നിന് അശ്രയിക്കുന്നത് കാരുണ്യ ഫാർമസിയെയാണ്.200ലധികം വൃക്ക രോഗികൾ ഇവിടെ ആശ്രയിക്കുന്നുണ്ട്.

......

 കോൺഗ്രസിന്റെ പ്രതിഷേധം
കാരുണ്യ ഫാർമസിക്കായി രോഗികൾക്കൊപ്പം കോൺഗ്രസ് നേതൃത്വവും രംഗത്തുവന്നു.ആശുപത്രിയെ തർക്കഭൂമിയാക്കി രോഗികളെ വഴിയാധാരമാക്കുന്ന നടപടിയാണ് സർക്കാരും നഗരസഭയും നടത്തുന്നതെന്നാരോപിച്ചായിരുന്നു പ്രതിഷേധം.സൂപ്രണ്ടിനെ ഉപരോധിച്ച നേതാക്കളോട് പ്രശ്നംപരിഹരിക്കുമെന്ന് ഉറപ്പു നൽകിയതോടെയാണ് പിന്തിരിഞ്ഞത്.കെ.പി.സി.സി സെക്രട്ടറി എസ്.ശരത്,നേതാക്കളായ സി.ഡി.ശങ്കർ,ബി.ഭാസി,ബി.ഫൈസൽ,ബാബുമുള്ളംചിറ,കെ.ആർ.രൂപേഷ്,ദേവരാജൻപിള്ള,വിശ്വംഭരൻപിള്ള എന്നിവർ പങ്കെടുത്തു.