
മാന്നാർ: ഇരമത്തൂർ കണ്ണമ്പള്ളി കുടുംബയോഗം ട്രസ്റ്റിന്റെ നേതൃത്വത്തിലുള്ള ക്ഷേത്രത്തിൽ സ്ഥിതി ചെയ്യുന്ന വല്ല്യച്ഛൻ, യോഗീശ്വരൻ, മൂർത്തി, രക്ഷസ് എന്നിവരുടെ വാർഷിക പൂജകൾ ക്ഷേത്ര തന്ത്രിമുഖ്യൻ കല്ലംപള്ളി വാമനൻ തന്ത്രിയുടെ മുഖ്യകാർമികത്വത്തിൽ നടന്നു. സമാപന ദിവസം നടന്ന പ്രതിഷ്ഠാ വാർഷിക സമ്മേളനം മാന്നാർ എസ്.എൻ.ഡി.പി യൂണിയൻ അഡ്. കമ്മറ്റിയംഗം രാജേന്ദ്രപ്രസാദ് അമൃത ഉദ്ഘാടനം ചെയ്തു. കെ.വി സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഡോ.ടി.എ സുധാകരക്കുറുപ്പ് മുഖ്യപ്രഭാഷണം നടത്തി. എൻ.എസ്.എസ് മാവേലിക്കര യൂണിയൻ കമ്മിറ്റിയംഗം ചെന്നിത്തല സദാശിവൻ പിള്ള മുഖ്യസന്ദേശം നൽകി. മാവേലിക്കര ഫാർമർ പ്രൊഡ്യൂസർ കമ്പനി ചെയർമാൻ വിജയകുമാർ പെരുമാനൂർ, ശ്രീസായ് സേവാ സമതി പ്രസിഡന്റ് സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു. കുടുംബയോഗം സെക്രട്ടറി ബിജി സന്തോഷ് സ്വാഗതവും വൈസ് പ്രസിഡന്റ് ശുഭാ അനിൽ നന്ദിയും പറഞ്ഞു.