photo

# നടപടി കേരളകൗമുദി വാർത്തയെ തുടർന്ന്

ആലപ്പുഴ: സംസ്ഥാനത്തെ ഫയർസ്റ്റേഷനുകളിലെ 'ജലരക്ഷക് ' ബോട്ടുകൾക്ക് ഇൻഷ്വറൻസ് പ്രീമിയം അടക്കാനുള്ള തുക അനുവദിച്ച്

ധനവകുപ്പ്. ഏഴ് തെക്കൻ ജില്ലകൾക്കായി 14 ബോട്ടുകളുടെ പ്രീമിയം അടക്കാനായി 6.5കോടി രൂപയാണ് അനുവദിച്ചത്. 46,000രൂപയാണ് ഓരോ ബോട്ടിന്റെയും വാർഷിക പ്രീമിയം. രണ്ടു ദിവസത്തിനുള്ളിൽ പ്രീമിയം അടക്കാൻ കഴിയും വിധം പ്രവർത്തനം ക്രമീകരിച്ചു കഴിഞ്ഞു.

ബോട്ടുകളുടെ പ്രീമിയം കാലാവധി കഴിഞ്ഞ 5ന് അർദ്ധരാത്രിയാണ് അവസാനിച്ചത്. ഇതിനെ തുടർന്ന് ബോട്ടുകൾ കടവിൽ കെട്ടിയിടുകയായിരുന്നു. തുറമുഖ വകുപ്പിന്റെ ഇൻലാൻഡ് വെസൽ നിയമം വന്നതോടെ ഓരോ ബോട്ടിനും നാലു കോടി രൂപയുടെ ഇൻഷുറൻസ് നിർബന്ധമാക്കിയിരുന്നു.ഇത് അനുസരിച്ചുള്ള പ്രീമിയമാണ് ഓരോ ബോട്ടിനും അടക്കേണ്ടത്. പ്രീമിയം തുക അനുവദിച്ച് കിട്ടാൻ ഫയർഫോഴ്‌സ് ഡയറക്ടർക്ക് കത്തെഴുതി ഫയർ ഓഫീസർമാർ കാത്തിരിക്കുക കാര്യം 29ന് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.

ഇതിനെ തുടർന്നാണ് പ്രീമിയം അടക്കാനുള്ള തുക അനുവദിച്ചത്.

ഇൻഷ്വറൻസ് പ്രീമിയത്തിന് പുറമേ ബോട്ടുകളുടെ അറ്റകുറ്റപ്പണി നടത്തി ഫിറ്റ്‌നസ് ഉറപ്പാക്കാനുള്ള ഫീസായി 5,000ഉം വാർഷിക അറ്റകുറ്റപ്പണിക്കായി കുറഞ്ഞത് 15,000രൂപയും വേറെ കണ്ടെത്തേണ്ടതുണ്ട്.

വെള്ളപ്പൊക്കവും ജലാശയങ്ങളിലെ അപകടങ്ങളും പതിവായ ജില്ലകളിലെ ഫയർ സ്റ്റേഷനുകൾക്ക് രക്ഷാപ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ വേണ്ടിയാണ് ജലരക്ഷക് ബോട്ടുകൾ അനുവദിച്ചത്. ജില്ലയ്ക്ക് നാല് ബോട്ടുകളാണ് ലഭിച്ചത്. പ്രതികൂല കാലാവസ്ഥയിലും രക്ഷാപ്രവർത്തനം നടത്താമെന്നതാണ് ജലരക്ഷക് ബോട്ടുകളുടെ പ്രത്യേകത.