ആലപ്പുഴ: ദേശീയപാതയിൽ ആറ് എം.ബി.ബി.എസ് വിദ്യാർത്ഥികളുടെ മരണത്തിനും ഒരു ഡസനിലധികം പേർക്ക് പരിക്കേൽക്കാനും ഇടയാക്കിയ കളർകോട് ജംഗ്ഷനെ അപകടരഹിതമാക്കാൻ ആക്ഷൻ പ്ളാനിന് ശുപാർശ. മോട്ടോർ വാഹന വകുപ്പും നാറ്റ് പാകും സംയുക്തമായി നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലുള്ള റിപ്പോർട്ട് ഗതാഗത കമ്മീഷണർ മുഖേന സർക്കാരിന് കൈമാറി.
അമിത വേഗം നിയന്ത്രിക്കുന്നതിനാണ് പ്രധാന പരിഗണന. ഇതിനായി റോഡിൽ കാമറ സ്ഥാപിക്കാൻ നിർദേശിച്ചിട്ടുണ്ട്. കൂടാതെ മോട്ടോർ വാഹന വകുപ്പും പൊലീസും രാത്രിയിൽ ഉൾപ്പടെ സ്ഥലത്ത് വാഹന പരിശോധനയും കർശനമാക്കും. മഴയും കാറിന്റെ കാലപ്പഴക്കവും അമിതവേഗവുമാണ് കൂട്ടമരണത്തിനിടയാക്കിയതെങ്കിലും സ്ഥലത്തെ റോഡിന്റെ പോരായ്മകളും റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്.
കൈയേറ്റങ്ങൾ ഒഴിപ്പിക്കണം
# ദേശീയ പാതയുടെ വീതിക്കുറവ് പരിഹരിക്കണം
# ഇരവുകാട് റോഡ് ഉൾപ്പെടെ ജംഗ്ഷൻ വികസിപ്പിക്കണം
# ജംഗ്ഷനിൽ ഫ്ളഡ് ലൈറ്റും റോഡിൽ വെളിച്ചവും ഉറപ്പാക്കണം
# റോഡിൽ നിഴൽ വീഴ്ത്തുന്ന മരങ്ങളും ചില്ലകളും മുറിച്ചുമാറ്റണം
# റോഡ് മാർക്കിംഗുകൾ പുനർ നിർമ്മിക്കണം
# മദ്ധ്യഭാഗത്തും അരികിലും റിഫ്ളക്ടറോട് കൂടിയ സ്റ്റഡുകൾ സ്ഥാപിക്കണം
# സൂചനാ ബോർഡുകൾ സ്ഥാപിക്കണം
# എൻഫോഴ്സ്മെന്റ് നടപടികൾ ശക്തമാക്കണം
# ഫുഡ് പാത്തും മദ്ധ്യത്ത് സീബ്രാക്രോസിംഗും വേണം
സ്ഥലം പോലും സന്ദർശിച്ചില്ല
ദേശീയപാത അതോറിട്ടിയുടെ സഹകരണത്തോടെ മാത്രമേ കളർകോട് അപകട സ്ഥലത്തെ പോരായ്മകൾ പരിഹരിക്കാൻ കഴിയൂ. എന്നാൽ അപകടമുണ്ടായി രണ്ടാഴ്ച കഴിഞ്ഞിട്ടും സ്ഥലം സന്ദർശിക്കാൻ പോലും ദേശീയ പാത വിഭാഗം കൂട്ടാക്കിയിട്ടില്ല. ഓഫീസ് കൊല്ലത്തേക്ക് മാറ്റിതിനാൽ പരാതികൾ ബോധിപ്പിക്കാൻ പോലും ആലപ്പുഴയിൽ സംവിധാനമില്ലാത്ത സ്ഥിതിയാണ്. കളർകോട് റോഡിന് വീതികൂട്ടലും ജംഗ്ഷൻ വികസനവും മുന്നറിയിപ്പുകളും ലൈൻ മാർക്കിംഗ് ജോലികളുമെല്ലാം എൻ.എച്ച് വിഭാഗമാണ് ചെയ്യേണ്ടത്. അതുകൊണ്ടുതന്നെ, പരിഹാരം എത്രത്തോളം നടപ്പാകുമെന്ന് കാത്തിരുന്നുവേണം കാണാൻ.
................................
ശുപാർശ ഗതാഗത കമ്മീഷണർക്ക് സമർപ്പിച്ചിട്ടുണ്ട്. സർക്കാരാണ് തീരുമാനമെടുക്കേണ്ടത്. റോഡ് സുരക്ഷാ ഫണ്ട് വിനിയോഗിച്ച് ക്യാമറയുൾപ്പെടെ സ്ഥാപിക്കാവുന്നതാണ്
- നാറ്റ് പാക്. തിരുവനന്തപുരം