ആലപ്പുഴ: സംസ്ഥാനത്ത് ജനസംഖ്യാധിഷ്ഠിത ജീവിതശൈലീ രോഗനിർണയത്തിന് രൂപീകരിച്ച 'ശൈലി ആപ്പ്' എന്ന മൊബൈൽ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ വഴിയുള്ള സർവേയിൽ കല്ലുകടി. എല്ലാ ചോദ്യങ്ങളോടും സഹകരിക്കാൻ ജനങ്ങൾ തയാറാകുന്നില്ലെന്ന് ആശവർക്കർമാർ, പലപ്പോഴും വഴിപാട് പോലെ വിവരങ്ങൾ അപ്‌ലോഡ് ചെയ്ത് സർവേ നടത്തിയെന്ന് വരുത്തി തീർക്കുകയാണെന്ന് ഒരു വിഭാഗം ജനങ്ങളും ആരോപണ,​ പ്രത്യാരോപണങ്ങൾ ഉയർത്തുന്നു. ജില്ലയിൽ ശൈലി ആപ്പ് വഴിയുള്ള രണ്ടാം ഘട്ട സർവേയാണ് പുരോഗമിക്കുന്നത്. ആദ്യ ഘട്ടത്തിൽ ശേഖരിച്ച വിവരങ്ങളുടെ തനിയാവർത്തനം രണ്ടാം ഘട്ടത്തിലുണ്ടെന്ന പരാതിയും ആശ വർക്കർമാർക്ക് ഉണ്ട്. അടഞ്ഞുകിടക്കുന്ന വീടുകളിൽ പലവട്ടം പോയാണ് സർവേ നടത്തുന്നത്. 68 ചോദ്യങ്ങളോടും പൂർണമായി സഹകരിക്കാൻ പലരും തയ്യാറല്ല. പാരമ്പര്യ രോഗങ്ങൾ പോലുള്ള ചോദ്യങ്ങൾക്ക് നേരെ കയർത്തു സംസാരിക്കുന്നവരുണ്ട്. അതിനാൽ പലപ്പോഴും നേരിട്ട് ചോദിക്കാതെ പൊതുവായി സംസാരിച്ച്, അതിൽ നിന്ന് വിവരങ്ങൾ ക്രോഡീകരിച്ചെടുക്കേണ്ടി വരാറുണ്ടെന്നും ആശപ്രവർത്തകർ പറയുന്നു.

വില്ലനായി നെറ്റ് വർക്ക് തകരാർ

1.ഒരാളുടെ ആരോഗ്യ സർവേ പൂർത്തിയാക്കുന്നതിന് അഞ്ച് രൂപയാണ് ആശമാർക്ക് നിശ്ചയിച്ചിരിക്കുന്ന നിരക്ക്. ഒരു വീട്ടിൽ പല തവണ പോയാലാണ് 30 വയസിന് മുകളിലുള്ള ഓരോ വ്യക്തിയെയും കണ്ട് വിവരങ്ങൾ തേടാനാവുക

2.വിവരങ്ങൾ ആപ്പിൽ അപ്‌ലോഡ് ചെയ്യുമ്പോഴുള്ള നെറ്റ് വർക്ക് തകരാറാണ് മറ്റൊരു വില്ലൻ.ഫോൺ വഴി അപ്‌ലോഡ് ചെയ്യുന്നതിന് പുറമേ ഓരോ വ്യക്തിയുടെയും വിവരങ്ങൾ എഴുതി സൂക്ഷിക്കുകയും വേണം

3. പലരും ചോദ്യങ്ങൾ പൂർത്തിയാക്കാതെ സർവേ നടത്തി മടങ്ങുകയാണെന്ന ആക്ഷേപവും ശക്തമാണ്. മെസേജ് ലഭിക്കുമ്പോഴാണ് സർവേ പൂർത്തിയായതായി പലർക്കും അറിയുന്നതെന്നും പരാതിയുണ്ട്.

ചികിത്സ ഉറപ്പാക്കും

#സർവേക്ക് വിധേയരാകുന്നവർക്ക് പ്രദേശത്തെ ജനകീയ ആരോഗ്യകേന്ദ്രത്തിൽ പ്രാഥമികപരിശോധന നടത്തും

#അർബുദം, ഹൃദ്രോഗം മുതലായ വിദഗ്ദ്ധ ചികിത്സ വേണ്ട രോഗങ്ങൾക്ക് മുൻഗണനാടിസ്ഥാനത്തിൽ ചികിത്സ ഉറപ്പാക്കാനും കഴിയും

#മറ്റ് ജീവിതശൈലീ രോഗമുള്ളവരെ അതത് ആരോഗ്യസ്ഥാപനങ്ങളിലേക്ക് അയക്കും

ആരോഗ്യ സർവേ

30 വയസ്

കഴിഞ്ഞവർക്ക്

പൂർത്തിയായത്

10.23 ലക്ഷം പേരിൽ