ആലപ്പുഴ: മട്ടാഞ്ചേരി പാലത്തിന് സമീപം മത്സ്യ കച്ചവടം നടത്തിയ പരമ്പരാഗത മത്സ്യതൊഴിലാളികളെ നിയമ വിരുദ്ധമായി ഒഴിപ്പിച്ച നഗരസഭയിലെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർക്ക് എതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത്കോൺഗ്രസ് പ്രവർത്തകർ ഹെൽത്ത് ഇൻസ്പെക്ടർ ഓഫീസിൽ മത്സ്യ വില്പന നടത്തി പ്രതിഷേധിച്ചു. അന്യസംസ്ഥാന മത്സ്യ ലോബിയുമായി ചേർന്ന് ചില ആരോഗ്യവകുപ് ഉദ്യോഗസ്ഥർ പരമ്പരാഗത മത്സ്യ തൊഴിലാളികളെ ദ്രോഹിക്കുകയാണെന്നു സമരം ഉദ്ഘാടനം ചെയ്ത യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സരുൺ റോയി പറഞ്ഞു. നിയോജകമണ്ഡലം പ്രസിഡന്റ് ഷാഹുൽ ജെ.പുതിയപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി രജിൻ എസ്.ഉണ്ണിത്താൻ, ഡി.സി.സി അംഗം ആർ.അംജിത്കുമാർ നിയോജകമണ്ഡലം ഭാരവാഹികളായ എസ്.ഷഫീഖ്, അബി ഏലിയാസ്, തായ്ഫുദീൻ മൂരികുളം, സ്റ്റേനു തോമസ്, മണ്ഡലം പ്രസിഡന്റുമാരായ ടി.എൽ.പോൾ, അരുൺ സാബു, എസ്.ശ്രീനാഥ്, സൈഫുദ്ധീൻ, ജോൺ വിക്ടർ തുടങ്ങിയവർ നേതൃത്വം നൽകി.