മുഹമ്മ: കായിപ്പുറത്ത് പാതയോരത്തെ ചുവരുകളിൽ ഒരുകൂട്ടം യുവ ചിത്രകാരന്മാർ
കോറിയിട്ടത്, നാട്ടുജീവിതത്തിന്റെ നേർ ചിത്രങ്ങൾ. ഈമാസം 26 മുതൽ 30വരെ നടക്കുന്ന പാതിരാമണൽ ഫെസ്റ്റിന്റെ പ്രചരണാർത്ഥമാണ് യുവതീ, യുവാക്കളായ നാല്പതോളം ചിത്രകാരന്മാർ രണ്ടു ദിവസം കൊണ്ട് ചുവരുകളെ വസന്ത ശിൽപ്പങ്ങളാക്കിയത്. കാക്കനാട്ടെ ക്യാപ്റ്റൻ സോഷ്യൽ ഫൗണ്ടേഷൻ നേതൃത്വത്തിൽ അക്ഷയ് മല്ലിശ്ശേരി, മുഹമ്മ സ്വദേശി വിർച്യു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കായിപ്പുറം - പാതിരാമണൽ ജെട്ടി റോഡിന്റെ തെക്ക് വശത്തെ ചുവരുകളിൽ ഗ്രാമ ജീവിതത്തെ പുനരാഖ്യാനം ചെയ്തത്.
കയർ പിരിക്കുന്ന തൊഴിലാളിയും വയലിൽ ചക്രം ചവിട്ടുന്ന കർഷകനും
മീൻ പിടിക്കുന്ന യുവാവുമെല്ലാം ദേശത്തെയും ജീവിത്തെയും തെളിമയോടെ കാട്ടിത്തരുമ്പോൾ, ലൈറ്റ് ഹൗസും ചീനവലയും ഹൗസ് ബോട്ടുമെല്ലാം ആലപ്പുഴയുടെ പാരമ്പര്യത്തെ അടയാളപ്പെടുത്തുന്നു.
മഹാരാഷ്ട്ര, ആന്ധ്ര, കർണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ ഫൈൻ ആർട്സ് കോളേജുകളിൽ നിന്ന് എത്തിയ സംഘം മാലിന്യ സംസ്കരണ സന്ദേശവും
വിഷയമാക്കിയിട്ടുണ്ട്.
പഞ്ചായത്തിന്റെ അഭ്യർത്ഥന പ്രകാരമാണ് ചിത്രകാരന്മാർ എത്തിയതെന്നും ജീവൻ തുടിക്കുന്ന രചനകൾ നടത്തിയ അവർക്ക് നന്ദി പറയുന്നതായും പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബുവും പ്രോഗ്രാം കോർഡിനേറ്ററും പഞ്ചായത്ത് മെമ്പറുമായ വി.വിഷ്ണുവും പറഞ്ഞു.