
ആലപ്പുഴ: ആലപ്പുഴ നഗരസഭാ ആരോഗ്യ വിഭാഗം നോർത്ത് സർക്കിൾ ഓഫീസ് പരിസരം മാലിന്യം കൊണ്ട് നിറഞ്ഞിട്ടും കണ്ണടച്ച് അധികൃതർ. ആരോഗ്യ വിഭാഗം ഓഫീസ് പ്രവർത്തിക്കുന്ന നഗരചത്വരത്തിൽ കെട്ടി കിടക്കുന്ന മാലിന്യം പ്രദേശത്ത് കൊതുകു ശല്യം പെരുകാൻ ഇടയാക്കുകയാണ്. ആരോഗ്യ വിഭാഗം ജീവനക്കാർ വീടുവീടാന്തരം കയറി ശുചിത്വ ക്ലാസെടുക്കുമ്പോൾ ചത്വരത്തിനുള്ളിലെ പൊതു ടൊയ്ലറ്റുകളുടെ പരിസരം വെള്ളക്കെട്ടിൽ മുങ്ങി കിടക്കുകയാണ്. ഹരിതകർമ്മ സേനയ്ക്ക് തരം തിരിക്കാനായി എത്തിച്ചിരിക്കുന്ന ടൺ കണക്കിന് മാലിന്യങ്ങൾ ചാക്കിൽ കെട്ടി സൂക്ഷിച്ചിരിക്കുന്നതിന് പുറമേ, മാലിന്യങ്ങൾ തുറസായി പ്രദേശത്ത് കൂനകൂട്ടിയിട്ടിട്ടുണ്ട്. കനത്ത മഴയിൽ ഈ മാലിന്യങ്ങളിൽ നിന്നിറങ്ങുന്ന വെള്ളം പരിസരമാകെ വ്യാപിക്കും. ഇവിടെ കെട്ടി കിടക്കുന്ന വെള്ളത്തിൽ കൊതുക് മുട്ടയിട്ട് പെരുകുകയാണ്. മാലിന്യങ്ങളുടെ ദുർഗന്ധം പലപ്പോഴും വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെന്ന് ജില്ലാ ലൈബ്രറിയിലെ റീഡേഴ്സ് ഫോറം പ്രവർത്തകർ പറഞ്ഞു. നഗരസഭാ ജില്ലാ ലൈബ്രറി, ജില്ലാ ബാസ്ക്കറ്റ് ബാൾ കോർട്ട് , സിനിയർ സിറ്റിസൺ വിശ്രമ കേന്ദ്രം, ആർട്ട് ഗ്യാലറി, ഓപ്പൺ ഓഡിറ്റോറിയം തുടങ്ങിയ പ്രവർത്തിക്കുന്ന പ്രദേശമാണ് സംരക്ഷിക്കപ്പെടുന്നതിന് പകരം മാലിന്യം കൊണ്ടിട്ട് നശിപ്പിക്കുന്നത്.
......
# പുറത്ത് വെള്ളക്കെട്ട്, അകത്ത് വെളിച്ചമില്ല
രാത്രിയിൽ പൊതു ടൊയ്ലറ്റ് തേടി നഗരചത്വരത്തിലെത്തിയാൽ ആദ്യം ടൊയ്ലറ്റ് പരിസരത്തെ വെള്ളക്കെട്ടിൽ തെന്നി വീഴാം. അകത്ത് കയറിയാൽ കൈയിൽ ടോർച്ച് കരുതണം. മിക്ക ദിവസങ്ങളിലും മോട്ടോർ തകരാറിന്റെ പേരിൽ ടൊയ്ലറ്റിൽ വെള്ളം മുടങ്ങുന്നതും പതിവാണെന്ന് ആക്ഷേപമുണ്ട്. നഗരചത്വം ആവിഷ്ക്കരിച്ച സമയത്ത് പൊതുപരിപാടികൾക്ക് പുറമേ വിവാഹമടക്കമുള്ള സ്വകാര്യചടങ്ങുകൾക്കും പ്രദേശം ഉപയോഗിക്കാമെന്ന സാദ്ധ്യതകൾ അധികൃതർ പങ്കുവെച്ചിരുന്നു. എന്നാൽ മാലിന്യം കൊണ്ടിട്ട് പ്രദേശം നശിക്കുകയാണ്.
.............
''മാലിന്യം മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഹെൽത്ത് ഇൻസ്പെക്ടർമാരോട് പറഞ്ഞു മടുത്തു. വീടുകളിൽ പരിശോധനയ്ക്കെത്തുന്ന അധികൃതർ ആദ്യം സ്വന്തം ഓഫീസ് പരിസരം വൃത്തിയാണോയെന്ന് പരിശോധിക്കണം
അഗസ്റ്റിൻ, റീഡേഴ്സ് ഫോറം