
മുഹമ്മ: പാതിരാമണൽ ഫെസ്റ്റിനെത്തുന്നവരുടെ പ്രധാന ആകർഷണമാണ് കായിപ്പുറം ബോട്ടുജെട്ടിയിലെ വിളക്കുമരം. പഴയകാല പ്രൗഢിയുടെ ഓർമ്മകളുണർത്തി വിളക്കുമരത്തിന്റെ
ശേഷിപ്പ് ഇപ്പോഴും കായലിൽ ഉയർന്ന് നിൽപ്പുണ്ട്. ജലഗതാഗതത്താൽ സമ്പന്നമായിരുന്ന കാലത്ത് ജലയാനങ്ങൾക്ക് ദിക്ക് അറിയാൻ സ്ഥാപിച്ച വിളക്കുമരത്തിന്റെ ബാക്കിപത്രമാണ്
കായിപ്പുറം ബോട്ടുജെട്ടിയുടെ തെക്കുഭാഗത്ത് കൗതുകക്കാഴ്ചയായി നിൽക്കുന്നത്.
വൈദ്യുതി വിളക്കുകളില്ലാതിരുന്ന കാലത്ത് വിളക്കുമരത്തിന് മുകളിലെ കണ്ണാടിക്കൂട്ടിൽ ദീപം തെളിച്ച് വയ്ക്കുമായിരുന്നു.
കോട്ടയം, ചങ്ങനാശേരി, ടി.വിപുരം പ്രദേശങ്ങളിൽ നിന്നുള്ള യാത്രാബോട്ടുകൾ, മുഹമ്മ ബോട്ട് ജെട്ടിയിലും കായിപ്പുറത്തും അടുത്തിരുന്നത് ഈ വെളിച്ചം കണ്ടായിരുന്നു. കായിപ്പുറത്ത് നിന്ന് വിളിപ്പാടകലെയുള്ള മുഹമ്മ ബോട്ടുജെട്ടിയിലും അന്ന് ദിക്കറിയാൻ വിളക്കുകൾ ഇല്ലായിരുന്നു.
കോട്ടയം, എറണാകുളം, ആലപ്പുഴ പ്രദേശങ്ങളുമായി ബന്ധപ്പെട്ട് ചരക്കിറക്കാനും അന്ന് ആശ്രയിച്ചിരുന്നത് ജലയാനങ്ങളെയായിരുന്നു. നിത്യോപയോഗ സാധനങ്ങളും നിർമ്മാണ സാമഗ്രികളമെല്ലാം കേവുവള്ളങ്ങളിലാണ് എത്തിച്ചിരുന്നത്. ദിവസവും വിളക്ക് തെളിക്കുന്നതിന് ജീവനക്കാരനും ഉണ്ടായിരുന്നു.
പാതിരാമണൽ ദ്വീപ് പണ്ട് സ്വകാര്യ വ്യക്തിയുടെതായിരുന്നു. ദ്വീപിലേക്കുള്ള മുഖ്യപ്രവേശന കവാടമായിരുന്നതിനാൽ കായിപ്പുറം ജെട്ടിയിലാണ് ആൾക്കാർ കൂടുതൽ എത്തിയിരുന്നത്. തിരക്കും ആരവും നിറഞ്ഞുനിന്ന കായിപ്പുറത്തിന്റെ പ്രതാപകാലം പഞ്ചായത്തംഗം കെ.എസ് ദാമോദരന്റെ ഓർമ്മയിൽ ഇന്നും തുടിച്ച് നിൽപ്പുണ്ട്.
താത്കാലിക ബോട്ടുജെട്ടി വേണം
ഇത്തവണ കൂടുതൽ വിനോദ സഞ്ചാരികൾ പാതിരാമണൽ ഫെസ്റ്റിൽ എത്തുമെന്നാണ് പ്രതീക്ഷ. ഇത്രയും ആൾക്കാരെ ഉൾക്കൊള്ളാനും ഭക്ഷ്യ, വിശ്രമകേന്ദ്രങ്ങൾ ഒരുക്കാനും നടപടിവേണം. മഴയത്ത് കയറി നിൽക്കാൻ പോലും സൗകര്യമില്ല. ഒരു ബോട്ട് മാത്രം അടുക്കാനുള്ള സൗകര്യമാണ് ഇപ്പോഴുള്ളത്. യാത്രക്കാരെ ഇറക്കുന്ന ബോട്ടുകൾ അവർ തിരികെ വരുന്നതുവരെ ജെട്ടിയിൽ തങ്ങുന്ന സ്ഥിതിയുണ്ട്. ഇതുകാരണം മറ്റ് ബോട്ടുകൾക്ക് അടുക്കാൻ കഴിയില്ല. താത്കാലിക ബോട്ടുജെട്ടികൾ സ്ഥാപിക്കുകയാണ് ഇതിനുള്ള പരിഹാരം.
യാത്രക്കാരെ ഇറക്കുന്ന ബോട്ടുകൾ അകലെ മാറി നങ്കൂരമിടാൻ സംവിധാനം വേണം
-സന്തോഷ് ഷൺമുഖൻ, ജില്ലാ പ്രസിഡന്റ്, കേരളാ മത്സ്യത്തൊഴിലാളി കോൺഗ്രസ് (എം)