dd

ആലപ്പുഴ: ഒമ്പത് മാസത്തിലധികമായി കൈനകരിയിലെ ജനങ്ങൾ അനുഭവിക്കുന്ന കുടിവെള്ള പ്രശ്‌നത്തിന് ശാശ്വതപരിഹരം കാണമെന്നാവശ്യപ്പെട്ടുകൊണ്ട് കിടങ്ങറ വാട്ടർ അതോറിട്ടി ഓഫീസിനു മുന്നിൽ കൈനകരി ഗ്രാമപഞ്ചായത്ത് കോൺഗ്രസ് പാർലമെന്ററി പാർട്ടി കുത്തിയിരിപ്പ് സമരം നടത്തി. പാർലമെന്ററി പാർട്ടിലീഡർ ഡി.ലോനപ്പന്റെ നേത്രത്വത്തിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ നോബിൻ.പി. ജോൺ, സന്തോഷ് പട്ടണം, ആഷാ ജെയിംസ് എന്നിവരാണ് സമരം നടത്തിയത്. സമരത്തോടൊപ്പം സി.പി.ഐയുടെ മെമ്പറും ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സണുമായ സബിതാ മനുവും പങ്കുചേർന്നു. സി.പി.എമ്മാണ് പഞ്ചായത്ത് ഭരിക്കുന്നത്.

സമരത്തിന്റെ ആവശ്യകതയും, അധികാരികൾ കുടിവെള്ള വിതരണത്തിൽ കാട്ടുന്ന അലംഭാവത്തിന്റെ തീവ്രതയും വരച്ചു കാട്ടുന്നതാണ് സമരത്തിലെ ഭരണകക്ഷി പ്രതിനിധിയുടെ സാന്നിദ്ധ്യമെന്ന് കോൺഗ്രസ് അഭിപ്രായപ്പെട്ടു. ഇരുപതാം തീയതി മുതൽ മുണ്ടയ്ക്കൽ വാട്ടർ ടാങ്കിലൂടെയുള്ള കുടിവെള്ളം വിതരണം പുനഃസ്ഥാപിക്കുമെന്നുള്ള എ.എക്സ്.ഇയുടെ രേഖാമൂലമുള്ള ഉറപ്പിൽമേൽ സമരം ഉച്ച കഴിഞ്ഞ് അവസാനിപ്പിച്ചു.