ആലപ്പുഴ: നഗരസഭ ആരോഗ്യ വിഭാഗം സർക്കിൾ ഓഫീസിൽ അതിക്രമിച്ചു കയറി ഉദ്യോഗസ്ഥരുടെ കൃത്യ നിർവ്വഹണം തടസപ്പെടുത്തുകയും ഉദ്യോഗസ്ഥരുടെ ദേഹത്തും ലാപ്‌ടോപ്പ്, ഫയൽ എന്നിവയിലും മീൻ വലിച്ചെറിയുകയും ചെയ്ത് യൂത്ത് കോൺഗ്രസ് നടത്തിയ സമരരീതി പ്രാകൃതവും അപരിഷ്‌കൃതവുമാണന്ന് നഗരസഭാദ്ധ്യക്ഷ കെ.കെ ജയമ്മ പറഞ്ഞു. നഗരത്തിന്റെ പല പ്രദേശങ്ങളിലും റോഡ് കയ്യേറി യാത്രക്കാർക്ക് തടസ്സമാകും വിധം മീൻ വലകുടഞ്ഞുള്ള കച്ചവടത്തിനെതിരെ നിരവധി പരാതി വന്ന സാഹചര്യത്തിലാണ് പരിശോധന നടത്തിയത്.ഓഫീസ് അതിക്രമിച്ചു കയറിയ കുറ്റക്കാർക്കെതിരെ കർശന നടപടി എടുക്കണമെന്നാവശ്യപ്പെട്ട് നഗരസഭാ സെക്രട്ടറി പൊലീസിൽ പരാതി നൽകി.