
കായംകുളം : ജീവരക്തം സൂക്ഷിക്കാനാകാതെ ഓടയിൽ ഒഴുക്കി കുപ്രസിദ്ധി നേടിയ കായംകുളം താലൂക്കാശുപത്രിയിൽ ബ്ലഡ് സ്റ്റോറേജ് സംവിധാനം വീണ്ടും അവതാളത്തിൽ. രക്തം ആവശ്യമായി വരുന്ന സാഹചര്യത്തിൽ സ്വകാര്യ ആശുപത്രികളെയും ലാബുകളെയും ആശ്രയിക്കേണ്ട ഗതികേടാണ് ഇപ്പോൾ.ബ്ലഡ് സ്റ്റോറേജ് യൂണിറ്റിന്റെ ലൈസൻസ് പോലും പുതുക്കാതെ കുറ്റകരമായ അനാസ്ഥയാണ് അധികൃതർ കാട്ടുന്നത്.
നേരത്തെ മെഡിക്കൽ കോളേജിൽ നിന്ന് അഞ്ചും പത്തും യൂണീറ്റ് രക്തം താലൂക്കാശുപത്രിയിലെ ബ്ലഡ് സറ്റേറിജിൽ എത്തിക്കുമായിരുന്നു. ഇത്തരത്തിൽ എത്തിക്കുന്ന രക്തം 30 ദിവസം വരെ ഇവിടെ സൂക്ഷിക്കാൻ കഴിയുമായിരുന്നു. രക്തദാന ക്യാമ്പകുളിലൂടെയും മറ്റും ശേഖരിക്കുന്ന രക്തമാണ് ഇത്തരത്തിൽ എത്തിക്കുന്നത്. താലൂക്കാശുപത്രിയിൽ രക്തം ശേഖരിക്കുവാനുള്ള സംവിധാനം ഇല്ല.15-20 നും ഇടയിൽ ഉള്ള രക്ത പായ്ക്കറ്റുകൾ സൂക്ഷിക്കാവുന്ന സ്റ്റോറേജാണ് ഇവിടെ
ഉള്ളത്. ഓരോഗ്രൂപ്പ് രക്തവും സൂക്ഷിക്കുന്നതിനായി മൂന്ന് പ്രത്യേക തട്ടുകളാണ് നിലവിലെ സ്റ്റോറേജ്. സ്റ്റോറേജ് വിഭാഗത്തിൽ ജോലി ചെയ്തിരുന്നവർ മൂന്ന് മാസം മുമ്പ് സ്ഥലം മാറി പോയി. പകരം പരിശീലനം ലഭിച്ച വരെ നിയമിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം.
........
# ശീതീകരണ സംവിധാനവും തകരാറിൽ
ബ്ലഡ് സ്റ്റോറേജിലെ ശീതീകരണ സംവിധാനവും തകരാറിലാണ്.
 ബ്ലഡ് സ്റ്റോറേജിൽ നിന്ന് രക്തം എടുത്താൽ 500 രൂപ അടച്ചാൽ മതിയായിരുന്നു.
 സ്വകാര്യ ആശുപത്രിയിൽ ചെന്ന് രക്തം ശേഖരിക്കുമ്പോൾ 920 രൂപ ചെലവ് വരും.
 ശസ്ത്രക്രിയ നടക്കുമ്പോൾ നെട്ടോട്ടം ഓടേണ്ട അവസ്ഥയാണ്.
.......
# തുറക്കാതെ മെറ്റേണിറ്റി ബ്ലോക്ക്
സ്ത്രീകൾക്കും കുട്ടികൾക്കുമായി നിർമ്മിച്ച മെറ്റേണിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം കഴിഞ്ഞിട്ട് നാല് വർഷമായിട്ടും ഇതുവരെ തുറന്നുകൊടുത്തില്ല.സൗജന്യ ചികിത്സ ലഭ്യമാക്കുവാൻ 3 കോടി 19 ലക്ഷം രൂപ ചെലവഴിച്ച് ആധുനിക രീതിയിൽ നിർമ്മിച്ച കെട്ടിടമാണ് അടഞ്ഞ് കിടക്കുന്നത്. ഒരുകോടിയോളം രൂപ ചെലവിട്ട് സിർമ്മിച്ച ഐ.സി.യു വാർഡും നിർമ്മാണം പൂർത്തീകരിച്ചിട്ട് രണ്ട് വർഷത്തോളമായിട്ടും തുറക്കുകൊടുക്കാനായില്ല.