tur
പറയകാട് നാലുകുളങ്ങര മഹാദേവീ ക്ഷേത്രത്തിൽ തന്ത്രി കുമരകം ജിതിൻ ഗോപാലിൻ്റെ മുഖ്യകാർമ്മികത്വത്തിൽ നടന്ന ധ്വജ തൈലാധിവാസ ചടങ്ങ്

തുറവൂർ:പറയകാട് നാലുകുളങ്ങര മഹാദേവീ ക്ഷേത്രത്തിൽ ക്ഷേത്ര പുനർനിർമ്മാണത്തിന്റെ രണ്ടാംഘട്ടത്തിന്റെ ഭാഗമായുള്ള ധ്വജ തൈലാധിവാസവും ചുറ്റമ്പലത്തിന് പാദുകം വയ്പും ഭക്തിനിർഭരമായ ചടങ്ങുകളോടെ നടന്നു. വല്ലേത്തോട് മൂർത്തിങ്കൽ മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച പുതിയ കൊടി മരത്തിനുള്ള ഔഷധതൈലവും വഹിച്ചു കൊണ്ടുള്ള ഘോഷയാത്രയിൽ നൂറ് കണക്കിന് ഭക്തർ പങ്കെടുത്തു. ക്ഷേത്രം തന്ത്രി കുമരകം ജിതിൻ ഗോപാൽ, മേൽശാന്തി വാരണം ടി. ആർ.സിജി ശാന്തി എന്നിവരുടെ മുഖ്യകാർമ്മിത്വത്തിൽ നടന്ന ചടങ്ങിൽ അഖിലാഞ്ജലി ഗ്രൂപ്പ് ചെയർമാൻ പി.ഡി.ലക്കിയും കുടുംബവും ചേർന്ന് ഔഷധതൈലസമർപ്പണം നടത്തി. ചുറ്റമ്പലത്തിന്റെ പാദുകം വയ്പ് തോപ്പുംപടി ശ്രീമഹേശ്വരി ക്ഷേത്രം മേൽശാന്തി സതീഷ് ശാന്തി നിർവഹിച്ചു. ചടങ്ങിന്റെ ഭാഗമായി പ്രൊഫ.വിമൽ വിജയ് കന്യാകുമാരിയുടെ ആദ്ധ്യാത്മിക പ്രഭാഷണവും പ്രഭാതഭക്ഷണ വിതരണവും ഉച്ചയ്ക്ക് മഹാ അന്നദാനവുമുണ്ടായിരുന്നു.ദേവസ്വം പ്രസിഡന്റ് തിരുമല വാസുദേവൻ, വൈസ് പ്രസിഡന്റ് കെ.കെ.സജീവൻ സെക്രട്ടറി എൻ.പി.പ്രകാശൻ, കമ്മിറ്റിയംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.