ആലപ്പുഴ: അപൂർവ വൈകല്യങ്ങളുമായി ജനിച്ച കുഞ്ഞിന്റെ ചികിത്സയ്‌ക്ക് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി പണം ഈടാക്കി. തിങ്കളാഴ്ചയാണ് കുഞ്ഞിന്റെ തൈറോയ്ഡ് പരിശോധനയ്ക്ക് 250 രൂപ ഈടാക്കിയത്. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി ഇടപെട്ടതിനെ തുടർന്ന് പണം മടക്കി നൽകി. കുഞ്ഞിന് സൗജന്യ ചികിത്സ ഉറപ്പാക്കുമെന്നായിരുന്നു ആരോഗ്യമന്ത്രി പ്രഖ്യാപിച്ചിരുന്നത്.
പണം ഈടാക്കിയ വിവരം കുഞ്ഞിന്റെ പിതാവായ ലജ്നത്ത് വാർഡ് നവറോജി പുരയിടത്തിൽ അനീഷ് മുഹമ്മദാണ് കെ.സി. വേണുഗോപാലിനെ അറിയിച്ചത്. തുടർന്ന് ഇന്നലെ ആശുപത്രി അധികൃതർ പണം തിരികെ നൽകുകയായിരുന്നു. ശ്വാസംമുട്ടലിനെ തുടർന്ന് കുഞ്ഞിനെ ഇന്നലെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ പീഡിയാട്രിക് ഐ.സി.യുവിൽ പ്രവേശിപ്പിച്ചു. കുട്ടിക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് കണ്ടെത്തിയിട്ടും ജില്ലാ മെഡിക്കൽ ഓഫീസിലേയോ ആരോഗ്യവകുപ്പിലേയോ ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥരാരും ബന്ധപ്പെട്ടിട്ടില്ലെന്നാണ് കുടുംബത്തിന്റെ പരാതി.
അന്വേഷണറിപ്പോർട്ട് പുറത്തുവിടണം: കെ.സി
അപൂർവ വൈകല്യങ്ങളോടെ നവജാത ശിശു ജനിച്ച സംഭവത്തിൽ സർക്കാർ പ്രഖ്യാപിച്ച അന്വേഷണത്തിന്റെ റിപ്പോർട്ട് പുറത്തുവിടണമെന്ന് കെ.സി. വേണുഗോപാൽ ആവശ്യപ്പെട്ടു. കുഞ്ഞിന് സർക്കാർ സൗജന്യ ചികിത്സ നൽകിയില്ലെങ്കിൽ ജനങ്ങളുടെ സഹായത്തോടെ അത് ഏറ്റെടുക്കേണ്ടി വരുമെന്ന് ആരോഗ്യമന്ത്രിക്ക് കത്തുനൽകി. ഒരു മാസമായിട്ടും വിദഗ്ദ്ധ ചികിത്സ സംബന്ധിച്ച് വ്യക്തത ഉണ്ടായിട്ടില്ല. സ്‌കാനിംഗ് പിഴവു സംബന്ധിച്ച മാതാപിതാക്കളുടെ പരാതിയിലും സർക്കാർ നടപടി എടുത്തില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.