ആലപ്പുഴ: നഗരത്തിലെ കക്കൂസ് മാലിന്യ പ്രശ്നത്തിന് പരിഹാരം കാണാനായി എത്തിച്ചിരിക്കുന്ന മൊബൈൽ സെപ്റ്റേജ് യൂണിറ്റിന്റെ പ്രവർത്തനം സംബന്ധിച്ച് ആശങ്കയൊഴിയുന്നില്ല. യൂണിറ്റിന്റെ പ്രവർത്തന നിരക്ക് സംബന്ധിച്ച് കഴിഞ്ഞ നഗരസഭാ കൗൺസിൽ യോഗത്തിൽ ധാരണയായിരുന്നു. മാലിന്യം അതത് പ്രദേശത്ത് തന്നെ വാഹനത്തിൽ വച്ച് ട്രീറ്റ് ചെയ്ത്, അവശേഷിക്കുന്ന വെള്ളം ശുദ്ധീകരിച്ച് ജലാശയങ്ങളിലേക്ക് ഒഴുക്കും. മിച്ചം വരുന്ന സ്ലെറി ഉണക്കി വളമാക്കാനാണ് പദ്ധതി. സ്ലെറി എവിടെയിട്ടാണ് ഉണക്കുന്നത് എന്നതിലാണ് നിലവിലെ ആശങ്ക . ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പൂട്ടിപ്പോയ വഴിച്ചേരിയിലെ ആധുനിക അറവുശാലയിൽ കൂട്ടിയിട്ടിരിക്കുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ പൂർണമായി നീക്കം ചെയ്ത ശേഷം ഈ പ്രദേശത്ത് മാലിന്യം ഉണക്കാനാണ് പദ്ധതിയെന്ന് വ്യാപക പ്രചരണമുണ്ട്. ഇതോടെ പ്രദേശവാസികൾ ആശങ്കയിലാണ്. മഴയുള്ള കാലാവസ്ഥയിൽ മാലിന്യം പ്രദേശത്ത് വ്യാപിക്കാനുള്ള സാദ്ധ്യതയുണ്ട്. നഗരത്തിലെ കക്കൂസ് മാലിന്യം സംസ്ക്കരിച്ചതിന്റെ അവശിഷ്ടങ്ങൾ ആധുനിക അറവുശാലയുടെ പ്രദേശത്ത് എത്തിച്ചാൽ സമരം ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രദേശവാസികൾ.

......................

# ബോധവത്ക്കരണം ആവശ്യം

1. മൊബൈൽ സെപ്റ്റേജ് ട്രീറ്റ്മെന്റ് പ്ലാന്റിൽ മാലിന്യം സംസ്ക്കരണത്തിന് ശേഷം ശുദ്ധീകരിച്ച് പുറന്തള്ളുന്ന ജലം ശുദ്ധമാണ്.

2. ലിറ്റർ‌ കണക്കിന് മാലിന്യം ട്രീറ്റ് ചെയ്ത ശേഷം അവശേഷിക്കുന്നത് വളരെ ചെറിയ അളവിലെ സ്ലെറി മാത്രമാണ് .

3. ജനപ്രതിനിധികൾ നേരിൽ മനസ്സിലാക്കിയ ശുദ്ധീകരണ പാഠങ്ങൾ സംബന്ധിച്ച് ഓരോ വാർഡിലും ജനങ്ങളെ ബോദ്ധ്യപ്പെടുത്തും

........

''മൊബൈൽ സെപ്റ്റേജ് ട്രീറ്റ്മെന്റ് പ്ലാന്റ് നാടിന്റെ ആവശ്യകതയാണെന്നതിൽ സംശയമില്ല. സംസ്കരണത്തിന് ശേഷം മിച്ചം വരുന്ന ടൊയ്ലറ്റ് മാലിന്യ അവശിഷ്ടം വഴിച്ചേരിയിലെ പഴയ അറവുശാലാ പ്രദേശത്ത് നിക്ഷേപിച്ചാൽ സമരം ആരംഭിക്കുമെന്ന് ജനങ്ങൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജനങ്ങൾ തിങ്ങിപ്പാർക്കാത്ത മറ്റ് പ്രദേശങ്ങൾ മാലിന്യം ഉണക്കാനായി തിരഞ്ഞെടുക്കണം

ബിന്ദു തോമസ്, കൗൺസിലർ, വഴിച്ചേരി വാർഡ്