c

ആലപ്പുഴ: ദേശീയപാത നവീകരണം കാരണം വീട് പടുകുഴിയിലായതിനും മുറ്റം വരെ നിരത്ത് കൈയടക്കിയതിലും വിഷമിച്ചിരിക്കുന്നവർക്ക് സന്തോഷ വാർത്ത! റോഡിനൊപ്പം ഉയർത്തിയും അകലേക്ക് പൊക്കിമാറ്റിയും വീട് സംരക്ഷിക്കാം.

ആലപ്പുഴ നഗരപരിധിയിലെ പുന്നപ്ര, പറവൂർ ഭാഗങ്ങളിൽ വീടുകളും കച്ചവടസ്ഥാപനങ്ങളും ഉൾപ്പടെ ഒരു ഡസനിലധികം കെട്ടിടങ്ങളാണ് ദേശീയ പാതയ്ക്കനുസരിച്ച് ഉയരം കൂട്ടിയും പിന്നിലേക്ക് മാറ്റിയും സംരക്ഷിക്കപ്പെട്ടത്. ഏറ്റവും ഒടുവിൽ വാടക്കൽ ഭാഗത്ത് പ്രവാസിയായ അനിരാജിന്റെ വീടാണ് ആറുമാസം കൊണ്ട് ദേശീയപാതയിൽ നിന്നുള്ള വാട്ടർ ലെവൽ അനുസരിച്ച് നാലടി ഉയർത്തി ആറുമീറ്റർ പിന്നിലേക്ക് മാറ്റിയത്. ഹൗസ് ഷിഫ്റ്റിംഗിലും ലിഫ്റ്റിംഗിലും പത്തുവർഷത്തെ പ്രവർത്തി പരിചയം കൈമുതലാക്കിയ എറണാകുളം ഒപ്റ്റ്യൂം ബിൽഡേഴ്സ് ഉടമ ഷെബീബ് അബൂബക്കറുടെ നേതൃത്വത്തിലുള്ള സംഘമാണ് വീടുകളുടെ സ്ഥാനമാറ്റത്തിന് പിന്നിൽ പ്രവർത്തിക്കുന്നത്.

ആയിരത്തിലധികം കെട്ടിടങ്ങൾ ഇതിനകം ഉയർത്തുകയും സ്ഥാനം മാറ്റുകയും ചെയ്ത ഷെബീബ് ആലപ്പുഴയിൽ ഇത്തരത്തിൽ നിരവധി വീടുകൾ മാറ്റിയിട്ടുണ്ട്. പറവൂർ എസ്.എൻ.ഡി.പി യോഗം വക കെട്ടിടം, ടാറ്റായുടെ വാഹന ഷോറൂം ഉൾപ്പെടെ ഒട്ടനവധി കെട്ടിടങ്ങൾ ഉയരംകൂട്ടുകയും സ്ഥാനം മാറ്റുകയും ചെയ്തതിന്റെ പട്ടികയിലുൾപ്പെടുന്നു.

വീട് മാറ്റത്തിന് 45 ദിവസം

ഫൗണ്ടേഷനിൽ ബെൽറ്റിന്റെ ഭാഗം വച്ച് വേർപെടുത്തി പ്രത്യേകതരം ജാക്കിയുടെ സഹായത്തോടെ ദിവസങ്ങളെടുത്താണ് കെട്ടിടം സാവകാശം ഉയർത്തുന്നത്. പരിചയ സമ്പന്നരായ അന്യസംസ്ഥാനതൊഴിലാളികൾ ഉൾപ്പെട്ട സംഘം 45 ദിവസമാണ് സാധാരണ നിലയിൽ വീട് മാറ്റാൻ എടുക്കുന്നത്. വാടക്കലെ വീട് ഉയർത്തിയതിനും പിന്നിലേക്ക് മാറ്റിയതിനും ഫിനിഷിംഗ് വർക്കുൾപ്പെടെ 14 ലക്ഷത്തോളം രൂപയാണ് ചെലവായത്. ഇതിന് പിന്നാലെ നിരവധി വീട്ടുകാർ ഇവരെ സമീപിച്ചിട്ടുണ്ട്. വീടുകൾ ഉയർത്താനും പിന്നിലേക്ക് മാറ്റാനുമാണ് പലരുമെത്തുന്നത്. റോഡ് ഉയർന്നതോടെ വീടുകൾ വെള്ളക്കെട്ടിലകപ്പെടുന്ന സാഹചര്യമാണ് ആവശ്യക്കാരുടെ എണ്ണം കൂട്ടിയത്.

ലേബർ ചാർജ്

(സ്ക്വയർഫീറ്റിന്)​

# മൂന്ന് മീറ്റർ വരെ

ഉയർത്താൻ 450 രൂപ

#മൂന്ന് മീറ്റർ വരെ

മാറ്റുന്നതിന് 250 രൂപ