ambala

കേരളത്തിൽ ആദ്യമായി പരിശീലനം നൽകി

അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത്

അമ്പലപ്പുഴ: സംസ്ഥാനത്ത് ആദ്യമായി വനിതകൾക്ക് മൊബൈൽ ഫോൺ സർവീസ് പരിശീലനം നൽകി അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത്. ഉന്നതി എന്ന പേരിലാണ് 24 ഓളം വനിതകൾക്ക് സ്വയം തൊഴിലിന്റെ ഭാഗമായി മൊബൈൽ ഫോൺ സർവീസ് പരിശീലനം നൽകുന്നതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഷീബാ രാകേഷ്, ബി.ഡി.ഒ സി.എച്ച്.ഹമീദ് കുട്ടി ആശാൻ, ജോയിന്റ് ബി.ഡി.ഒ ഗോപൻ എന്നിവർ പറഞ്ഞു. അമ്പലപ്പുഴ തെക്ക്, വടക്ക്, പുന്നപ്ര വടക്ക് എന്നീ പഞ്ചായത്തുകളിലെ തൊഴിലുറപ്പിൽ 100 ദിനങ്ങൾ പൂർത്തിയാക്കിയ 24 വനിതകളാണ് ഈ രംഗത്തേക്ക് പുരുഷന്മാർക്ക് വെല്ലുവിളിയാകുന്നത്. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും ആർ.എസ്.ഇ.ടി.ഐയും സംയുക്തമായാണ് ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെ സാങ്കേതിക പരിശീലനം നൽകുന്നത്.

18 നും 45 നും ഇടയിൽ പ്രായമുള്ള വനിതകളെയാണ് തിരഞ്ഞെടുത്തത്. അൻസാരി, ആനന്ദ് എന്നിവരാണ് പരിശീലകർ.

ഒരു മാസത്തെ പരിശീലനം പൂർത്തിയാക്കുമ്പോൾ സർട്ടിഫിക്കറ്റും നൽകും. സ്വകാര്യ സ്ഥാപനങ്ങളിൽ ഏകദേശം അറുപതിനായിരം രൂപ ഈടാക്കുന്ന കോഴ്സാണ് ഇവർക്ക് സൗജന്യമായി നൽകുന്നത്. പരിശീലനക്കാലയളവിൽ തൊഴിലുറപ്പ് വേതനമായ 346 ഉം ഭക്ഷണത്തിനായി 100 ഉം ഉൾപ്പടെ 446 രൂപയും ദിവസവും ഇവർക്ക് നൽകിവരുന്നുണ്ട്. വൈസ് പ്രസിഡന്റ് ബിബി വിദ്യാനന്ദൻ, സീനിയർ എക്സ്റ്റൻഷൻ ഓഫീസർ ആർ. വിപിൻ ബാബു എന്നിവരുടെ നേതൃത്വത്തിലാണ് ഒരു മാസക്കാലമായി പരിശീലനം നൽകി വരുന്നത്.