ആലപ്പുഴ: ക്രിസ്മസ് - പുതുവത്സര ആഘോഷങ്ങൾ തുടങ്ങിയതോടെ കൊച്ചിയിൽ നിന്ന് ആലപ്പുഴ അതിർത്തിയായ അരൂർ വഴി ലഹരി ഒഴുക്ക് വർദ്ധിച്ചു. അരൂർ, ചേർത്തല, എഴുപുന്ന ഭാഗങ്ങളിലെ ഗ്രാമപ്രദേശങ്ങളിൽ പകൽ സമയത്ത്
ഉൾപ്പടെ ധാരാളം യുവാക്കൾ ലഹരിയുമായി എത്തുന്നതായി ജനപ്രതിനിധികൾ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.
ന്യൂജെൻ ബൈക്കുകളിൽ അമിത വേഗതയിലാണ് യുവാക്കളുടെ സംഘം ഗ്രാമത്തിലെ ഇടറോഡുകളിലടക്കം പായുന്നത്. സംസാരത്തിൽ നിന്നാണ് കൊച്ചിക്കാരാണെന്ന് നാട്ടുകാർ മനസിലാക്കുന്നത്. ഇത്തരത്തിലെ സംഘങ്ങളുടെ വരവ് കാരണം വഴിയരികിൽ പോലും സമാധാനമായി നിൽക്കാൻ സാധിക്കാത്ത അവസ്ഥയാണെന്ന് നാട്ടുകാർ പറയുന്നു. ക്രിസ്മസ് - ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവുകൾ എക്സൈസ് വ്യാപകമായി നടത്തുന്നുണ്ടെങ്കിലും, ചാരായം വാറ്റ് കേസുകളാണ് കുടുങ്ങന്നതിലധികവും. ജില്ലാ അതിർത്തി കടന്നെത്തുന്ന യുവാക്കളെ നിരീക്ഷിക്കാൻ പ്രത്യേക സംവിധാനം ആവശ്യമാണ്. ആലപ്പുഴ ബീച്ച് ഫെസ്റ്റിനടക്കം തുടക്കമാകുന്ന സാഹചര്യത്തിൽ നഗരത്തിലും, ഹൗസ് ബോട്ട് മേഖലയിലും ജാഗ്രതാ നിരീക്ഷണം ആവശ്യമാണ്. വിമുക്ത ഭടന്മാരുടെ സേവനമടക്കം വിനിയോഗിച്ച് മഫ്തി പരിശോധന നടത്തണമെന്ന ആവശ്യമാണ് നാട്ടുകാർ മുന്നോട്ട് വയ്ക്കുന്നത്.
ഗ്രാമങ്ങളിലെ റോഡുകളിൽ ഭയത്തോടെയാണ് നിൽക്കുന്നത്. അത്രയ്ക്ക് വേഗതയിലാണ് പുറത്ത് നിന്നുള്ള യുവാക്കൾ ബൈക്കുകളിൽ പായുന്നത്. പൊലീസ് എത്തുമ്പോഴേക്കും ഇവർ കടന്നുകളയും. ഉത്സവ സീസണിൽ ലഹരി വ്യാപാരം ഇനിയും കൂടും
- ജനപ്രതിനിധി, എഴുപുന്ന പഞ്ചായത്ത്