 
ചെന്നിത്തല: ശക്തമായ മഴയിൽ അച്ചൻ കോവിലാറ്റിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് അപ്പർകുട്ടനാട് മേഖലയായ ചെന്നിത്തലയിലെ പാടശേഖരങ്ങളിൽ ഉണ്ടായ മടവീഴ്ച മൂലം നെൽ കർഷകർക്കുണ്ടായ പ്രശ്നങ്ങളും പ്രതിസന്ധികളും നേരിട്ട് അറിയുവാൻ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി എത്തും. മടവീഴ്ചയുണ്ടായ ചെന്നിത്തല പറയംകേരി പാമ്പനംചിറ പ്രദേശം 21 ന് വൈകിട്ട് 3 ന് സുരേഷ് ഗോപി സന്ദർശിക്കുമെന്ന് അപ്പർകുട്ടനാട് സ്വതന്ത്ര നെൽ കർഷക കൂട്ടായ്മ പ്രസിഡന്റ് ഗോപൻ ചെന്നിത്തല അറിയിച്ചു. ചെന്നിത്തലയിലെ ആറ് പാടശേഖരങ്ങളിൽ ഉൾപ്പെടെ വിവിധ പഞ്ചായത്തുകളിലായി നിരവധി പാടശേഖരങ്ങളിൽ ഉണ്ടായ മടവീഴ്ചയെ തുടർന്ന് നെൽ കർഷകർ ഏറെ പ്രതിസന്ധിയിലാണ്. ഈ വിഷയം ചർച്ച ചെയ്യുന്നതിന് സംസ്ഥാന കൃഷിമന്ത്രി, ജില്ലാ കളക്ടർ എന്നിവരുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ആലപ്പുഴ കളക്ട്രേറ്റിൽ മീറ്റിംഗ് നടന്നിരുന്നു. നെൽകൃഷിക്കായുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയ ചെന്നിത്തല 2,5,8,9 ബ്ലോക്ക് പാടശേഖരങ്ങളിലായിന്നു ആദ്യം മടവീഴ്ച ഉണ്ടായത്. അതിന് പിന്നാലെ ദിവസങ്ങൾക്ക് മുമ്പ് ഒന്നാം ബ്ലോക്കിലും മൂന്നാം ബ്ലോക്കിലും മടവീഴ്ച ഉണ്ടായി. വിതയെല്ലാം നശിച്ചതോടെ വിത്തിനത്തിൽ തന്നെ ലക്ഷങ്ങളുടെ നഷ്ടമാണ് കർഷകർക്ക് ഉണ്ടായിരിക്കുന്നത്. അപ്പർകുട്ടനാട്ടിലെ കാർഷിക മേഖലയുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെട്ടാൽ മാത്രമെ ഈ മേഖലയിലെ കർഷകർക്ക് രക്ഷയുള്ളുവെന്ന് സംയുക്ത പാടശേഖര സമിതി കൺവീനർ കൂടിയായ ഗോപൻ ചെന്നിത്തല പറഞ്ഞു