കുട്ടനാട് : പുഞ്ചകൃഷിക്ക് ഒന്നാംവളമിടേണ്ട സമയം അതിക്രമിച്ചിട്ടും സഹകരണസംഘങ്ങളിൽ ഇതുവരെ യൂറിയ എത്താത്തത് കുട്ടനാട്ടിലെ കർഷകരെ പ്രതിസന്ധിയിലാക്കുന്നു. വർഷാവർഷം സഹകരണസംഘങ്ങൾക്ക് യൂറിയ എത്തിച്ചു വരുന്ന നിരവധി ഏജൻസികൾ രംഗത്ത് ഉണ്ടെങ്കിലും അവർ ഇക്കുറി യൂറിയ കിട്ടാനില്ലെന്ന പല്ലവി ആവർത്തിച്ചതോടെ എന്തുചെയ്യണമെന്നറിയാത്ത സ്ഥിതിയിലായി സഹകരണ സംഘങ്ങളും കർഷകരും.

മറ്റു വളങ്ങൾക്കൊപ്പം ഒരു ഏക്കറിന് 7കിലോ യൂറിയ എന്ന കണക്കിലാണ് കുട്ടനാട്ടിൽ നെൽകൃഷിക്ക് ഉപയോഗിക്കുന്നത്. ഇങ്ങനെയാണെങ്കിൽ പോലും ഒരു സഹകരണസംഘത്തിന് കീഴിലെ കർഷകർക്ക് മാത്രമായി ടൺകണക്കിന് യൂറിയ വേണ്ടിവരും. യൂറിയ ചോദിച്ച് സഹകണസംഘങ്ങളിലെത്തുന്ന കർഷകരിൽ ഭൂരിഭാഗവും വെറുംകൈയോടെ മടങ്ങിപ്പോകേണ്ടിവരുന്ന സ്ഥിതി കണക്കിലെടുത്ത് പുതുക്കരി ,രാങ്കരി, പുന്നക്കുന്നം കുട്ടമംഗലം, പുളിങ്കുന്ന് വടക്കേ അങ്ങാടി സഹകരണസംഘങ്ങളുടെ പ്രസിഡന്റുമാരായ വി.എൻ വിശ്വംഭരൻ, ജോസഫ് ചേക്കോടൻ, ജോസ് കോയിപ്പള്ളി, കെ എസ് അനിൽകുമാർ തങ്കച്ചൻ കാനാച്ചേരി എന്നിവരും പ്രശ്നത്തിന് അടിയന്തര പരിഹാരം തേടി രംഗത്തെത്തി.

മറ്റ് ഉത്പന്നങ്ങൾ വിറ്റഴിക്കാനുള്ള തന്ത്രം

1.കൃഷിയുമായി യാതൊരു ബന്ധവുമില്ലാത്ത തങ്ങളുടെ മറ്റ് ഉല്പന്നങ്ങൾ കൂടി എടുക്കാൻ സഹകരണ സംഘങ്ങൾ തയ്യാറായാൽ മാത്രമെ യൂറിയ എത്തിക്കാൻ സാധിക്കുകയുള്ളൂവെന്നാണ് ചില ഏജൻസികളുടെ കടുംപിടുത്തം

2.പല സഹകരണസംഘങ്ങളും വിതരണക്കാരായ ഏജൻസികൾക്ക് മുൻ കൂട്ടി പണമടച്ചിരുന്നു. എന്നാൽ ഇതുവരെ പേരിന് പോലും യൂറിയ ഏജൻസികൾ എത്തിച്ചിട്ടില്ല

3.വളമിടേണ്ട സമയം അതിക്രമിച്ച ഈ സാഹചര്യത്തിൽ പ്രശ്നത്തിന് അടിയന്തിര പരിഹാരം കാണാൻ അധികൃതർ തയ്യാറാകണമെന്ന ആവശ്യവുമായി കർഷകർ രംഗത്തെത്തി