gf

ആലപ്പുഴ: കുടിവെള്ള പൈപ്പ് ലൈനിന്റെ ചോർച്ച മൂലം വെള്ളക്കെട്ടിലായി പഴവീട് ഗാന്ധിവിലാസം പാലത്തിനോട് ചേർന്നുള്ള അങ്കണവാടി. കഴിഞ്ഞ ഒരു വർഷത്തിലധികമായി പൈപ്പ് പൊട്ടി പാഴാകുന്ന വെള്ളത്തിലൂടെ നീന്തിക്കയറിയാണ് കുരുന്നുകളും ജീവനക്കാരും അങ്കണവാടിയിലെത്തുന്നത്.

സ്ഥിരമായി വെള്ളക്കെട്ട് നിൽക്കുന്നതിനാൽ പ്രദേശം ചെളിനിറഞ്ഞ അവസ്ഥയിലാണ്. പി.ഡബ്ല്യു.ഡിയുടെ കീഴിൽ വരുന്ന ഗാന്ധിവിലാസം റോഡിന്റെ ഒത്ത നടുക്കാണ് പൈപ്പ് ലൈനിൽ ചോർച്ചയുണ്ടായിരിക്കുന്നത്. റോഡ് പൊളിക്കാതെ അറ്റകുറ്റപ്പണി സാധ്യമല്ല. വിവരം ധരിപ്പിച്ച് പി.ഡബ്ല്യു.ഡിക്ക് കത്ത് നൽകിയിട്ടുണ്ടെന്നും വൈകാതെ റോഡ് പൊളിച്ച് പൈപ്പ് മാറ്റുന്നതോടെ പ്രശ്നത്തിന് പരിഹാരമാകുമെന്നും വാർഡ് കൗൺസിലർ സി.അരവിന്ദാക്ഷൻ പറഞ്ഞു.

കുട്ടികൾക്ക് കളിക്കാനും മാർഗമില്ല

 ഉയരത്തിലുള്ള റോഡിൽ നിന്ന് ഒഴുകിയെത്തുന്ന വെള്ളം നേരെ താഴെയുള്ള അങ്കണവാടിയുടെ മുറ്റത്തേക്കാണ് എത്തുന്നത്

 ഇതോടെ കുട്ടികളെ കളിക്കാൻ പോലും പുറത്തിറക്കാൻ സാധിക്കാത്ത സ്ഥിതിയാണ്

 മുറ്റത്ത് കല്ലിട്ടാണ് നടക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുള്ളത്.

റോഡ് പൊളിക്കാൻ പി.‌ഡബ്ല്യു.ഡിക്ക് കത്ത് നൽകിയിട്ടുണ്ട്. പാടത്ത് കൊയ്ത്തു നടക്കുന്നതിനാൽ വാഹനങ്ങൾ പോകേണ്ടതിനാലാണ് റോഡ് പൊളിക്കാൻ കാലതാമസമുണ്ടായത്

-സി.അരവിന്ദാക്ഷൻ, വാർഡ് കൗൺസിലർ

കൊച്ചുകുട്ടികളാണ് വെള്ളക്കെട്ടിൽ ഏറ്റവും ദുരിതം അനുഭവിക്കുന്നത്. ഒരു വർഷമായി നിലനിൽക്കുന്ന പ്രശ്നമാണ് പരിഹാരം കാണാതെ വഷളാകുന്നത്

- അജി, പ്രദേശവാസി