ആലപ്പുഴ : കളർകോട് ആറു മെഡിക്കൽ വിദ്യാർത്ഥികളുടെ കൂട്ടവിയോഗത്തിന് പിന്നാലെ പൊലീസും മോട്ടോ‌ർ വാഹന വകുപ്പും വാഹന പരിശോധനയും നടപടികളും ശക്തമാക്കിയിട്ടും ജില്ലയിൽ അപകട പരമ്പരകൾക്ക് വിരാമമില്ല. കളർകോടെ അപകടത്തിന് പിന്നാലെ തുട‌ർച്ചയായ മൂന്ന് വലിയ അപകടങ്ങളിലൂടെ ചേർത്തലയും ജില്ലയിലെ ബ്ളാക്ക് സ്പോട്ടായി. കളർകോട് അപകടത്തിന് തൊട്ടുപിന്നാലെ ചേർത്തലയിൽ യുവാവും വനിതാ സുഹൃത്തും ബൈക്ക് അപകടത്തിൽ മരിച്ചതായിരുന്നു നാടിനെ നടുക്കിയ മറ്റൊരു സംഭവം.

ബുധനാഴ്ച കളവംകോടം കൊള്ളപ്പള്ളിയിൽ നിർത്തിയിട്ടിരുന്ന ലോറിയ്ക്ക് പിന്നിൽ സ്വകാര്യ ബസ് ഇടിച്ച് കൈക്കുഞ്ഞുൾപ്പെടെ 28 പേർക്കാണ് പരിക്കേറ്റത്. ഇതിന് 24 മണിക്കൂർ തികയും മുമ്പ് ചേർത്തല റെയിൽവേ സ്റ്റേഷന് സമീപം വ്യാഴാഴ്ച ഉച്ചകഴിഞ്ഞുണ്ടായ അപകടത്തിൽ വീട്ടമ്മയ്ക്ക് ജീവൻ നഷ്ടമായി. കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ ചേർത്തല നഗരത്തിലും ചുറ്റുവട്ടത്തുമായുണ്ടായ ചെറുതും വലതുമായ അപകടങ്ങളിൽ 10 പേർക്കാണ് ജീവഹാനിയുണ്ടായത്. ചേർത്തല പൊലീസ് പരിധിയിൽ തുറവൂർ- അരൂ‌ർ ഭാഗമായിരുന്നു ഏതാനും മാസം മുമ്പ് വരെ സ്ഥിരം അപകടമേഖല. എന്നാൽ അരൂർ - തുറവൂർ പാതയിൽ ഉയരപ്പാത നിർമ്മാണ മേഖലയിലുൾപ്പെടെ ദേശീയ പാത അതോറിട്ടി സുരക്ഷ ശക്തമാക്കുകയും പൊലീസ് ജാഗ്രത പാലിക്കുകയും ചെയ്തതോടെ അരൂർ ഭാഗത്തെ അപകടങ്ങളുടെ തോത് കുറഞ്ഞു. അരൂർ തുറവൂർ പാതയിലെ ഗതാഗത കുരുക്കും സമയ നഷ്ടവും ഒഴിവാക്കാൻ ചേർ‌ത്തല- കൊമ്മാടി പാതയിൽ വാഹനങ്ങൾ നടത്തുന്ന മത്സരയോട്ടമാണ് ചേർത്തല ഭാഗത്ത് അപകടങ്ങൾ വർദ്ധിക്കാൻ ഇടയാക്കിയതെന്നാണ് കരുതുന്നത്. പകൽ സമയത്താണ് ചേർത്തലയിലെ അപകടങ്ങളെല്ലാം ഉണ്ടായത്. റോഡുകളിൽ കാമറ സ്ഥാപിക്കുകയോ ഇന്റർ സെപ്റ്റർ വാഹനങ്ങൾ നിയോഗിക്കുകയോ ചെയ്താൽ മാത്രമേ അപകടങ്ങളുടെ തോത് കുറയ്ക്കാനാകൂ.

പരിശോധന കടുപ്പിക്കുക മാത്രം പോംവഴി

1. മോട്ടോർ വാഹന വകുപ്പും പൊലീസും ചേർന്നുള്ള പരിശോധനയ്ക്ക് നിർദേശമുണ്ടാകുകയും ചെയ്തെങ്കിലും നിരത്തുകളിൽ പരിശോധനകൾ ശക്തമല്ല

2.ഗതാഗത തിരക്കേറെയുള്ള സമയങ്ങളിലൊന്നും നിയമ ലംഘകരെ കണ്ടെത്താൻ പൊലീസോ മോട്ടോർ വാഹന വകുപ്പോ രംഗത്തില്ല. 3.ജംഗ്ഷനുകളിൽ പോയിന്റ് ഡ്യൂട്ടിയ്ക്ക് നിയോഗിക്കപ്പെടുന്ന ഹോംഗാർഡ് ഉൾപ്പെടെയുളളവർ ഫോൺ വഴി ചിത്രീകരിക്കുന്ന നിയമലംഘനങ്ങളുടെ പിഴചുമത്തലിൽ നടപടികൾ ഒതുങ്ങും

4.ഇതിനാൽ മദ്യപിച്ച് വാഹനം ഓടിക്കുന്നവരെയോ ലൈസൻസില്ലാത്തവരെയോ കണ്ടെത്താനാകുന്നില്ല. മുമ്പ് ജില്ലയിലാകമാനം കോമ്പിംഗ് ഓപ്പറേഷനുകൾ പതിവായിരുന്നു

5. ദേശീയ പാതയിൽ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കേണ്ട ഹൈവേ പൊലീസിനെയും കാണാനില്ല.