ചെന്നിത്തല: ചാല ശ്രീ മഹാദേവർ ക്ഷേത്രത്തിൽ 59-ാമത് ഭാഗവത സപ്താഹയജ്ഞത്തിന് ഇന്ന് തുടക്കമാകുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പുള്ളിക്കണക്ക് ഓമനക്കുട്ടൻ.ജി യജ്ഞാചാര്യനും ഓച്ചിറ പ്ലാവിള്ളമഠം ജയകൃഷ്ണൻപോറ്റി യജ്ഞ ഹോതാവും തെക്കുംഭാഗം ശ്രീകുമാർ, ആദിനാട് സുരേഷ് കുമാർ, കായംകുളം സജീവ് എന്നിവർ യജ്ഞപൗരാണികരും ആയിരിക്കും. ക്ഷേത്ര മേൽശാന്തി കാരാഴ്മ ചെറുമണ്ണില്ലം പ്രദീപ് എസ്.നമ്പൂതിരി ക്ഷേത്ര ചടങ്ങുകൾക്ക് കാർമികത്വം വഹിക്കും. ഇന്ന് രാവിലെ 8ന് എസ്.എൻ.ഡി.പി 141-ാം നമ്പർ ചെന്നിത്തല പുത്തൻകോട്ടയ്ക്കകം ഗുരുക്ഷേത്രത്തിൽ നിന്ന് യജ്ഞ പൗരാണികർക്ക് സ്വീകരണം നൽകും. തുടർന്ന് രാജേന്ദ്രപ്രസാദ് അമൃത ഭാഗവത പാരായണം ഉദ്ഘാടനവും ചാലാ ദേവസ്വം സബ് ഗ്രൂപ്പ് ഓഫീസർ സവിതാദേവീ ഭദ്രദീപ പ്രതിഷ്ഠയും ക്ഷേത്ര മേൽശാന്തി കൊടിയേറ്റ് കർമ്മവും നിർവഹിക്കും. 9.30 ന് ഭാഗവതപാരായണം സമാരംഭിക്കും.എല്ലാ ദിവസവും രാവിലെ ഭാഗവത പാരായണം, വിശേഷാൽ പൂജകൾ, ഉച്ചക്ക് 12ന് അന്നദാനം, വൈകിട്ട് 8.15 ന് വിവിധ ദിവസങ്ങളിൽ വഞ്ചിപ്പാട്ട്, ഗാനാർച്ചന, കൈകൊട്ടികളി, തിരുവാതിര എന്നിവയും നടക്കും. അഞ്ചാം ദിവസമായ ചൊവ്വാഴ്ച 10ന് രുക്മിണീ സ്വയംവരം, വൈകിട്ട് 5 മുതൽ സർവ്വൈശ്വര്യ പൂജ, ഏഴാം ദിവസം വ്യാഴാഴ്ച വൈകിട്ട് 3.30ന് അവഭൃഥസ്‌നാന ഘോഷയാത്രയോടെ സപ്താഹയജ്ഞം സമാപിക്കും. എട്ടാം ദിവസം വെള്ളിയാഴ്ച രാത്രി 7 മുതൽ ആലപ്പുഴ ക്ലാപ്സിന്റെ ഗാനമേള അരങ്ങേറും. ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി എം.മുരളീധരൻ, വൈസ് പ്രസിഡന്റ്, ദീലീപ്.ബി, രാജേന്ദ്ര പ്രസാദ് അമൃത, ഉപദേശക സമിതി അംഗങ്ങളായ ജയചന്ദ്രൻ, ഓമനക്കുട്ടൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.