obit

ചേർത്തല: കൂട്ടുകാർക്കൊപ്പം പൊതുകുളത്തിൽ കുളിക്കുന്നതിനിടെ എട്ടാംക്ലാസുകാരൻ മുങ്ങിമരിച്ചു. തണ്ണീർമുക്കം കൊക്കോതമംഗലം സെന്റ് ആന്റണീസ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി തണ്ണീർമുക്കം ആറാം വാർഡിൽ വാലയിൽ എസ്.രതീഷിന്റെയും(ജലഗതാഗത വകുപ്പ് ബോട്ട് മാസ്റ്റർ എറണാകുളം) സീമയുടെയും(വ്യവസായവകുപ്പ്,തിരുവനന്തപുരം) മകൻ ആര്യജിത്ത്(13)ആണ് മരിച്ചത്. ഇന്നലെ 9.30 ഓടെ തണ്ണീർമുക്കം കണ്ടംകുളത്തിലായിരുന്നു അപകടം. കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ ആര്യജിത്ത് വെള്ളത്തിൽ മുങ്ങിപ്പോകുകയായിരുന്നു.കൂട്ടുകാർ ബഹളം വെച്ചതിനെ തുടർന്ന് പഞ്ചായത്തംഗം ബിനുവെത്തി കുളത്തിൽ നിന്നും ആര്യജിത്തിനെ കരയിൽ കയറ്റി ഉടൻ തണ്ണീർമുക്കം ആശുപത്രിയിലെത്തിച്ചു പ്രാഥമിക ശുശ്രൂഷകൾ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കെ.എൽ.ഡി.സി അനുവദിച്ച ഒരു കോടി രൂപ വിനിയോഗിച്ച് കുളത്തിന്റെ പുനർ നിർമ്മാണ ജോലികൾ കഴിഞ്ഞ ഒരുവർഷമായി നടന്നുവരുകയാണ്. വെള്ളം വറ്റിക്കുന്നതിനായി മോട്ടോർ ഉപയോഗിച്ചിരുന്ന കുഴിയിൽ താഴ്ന്നുപോയാണ് അപകടം. ഇന്നലെ ഉച്ചയ്ക്ക് ശേഷം ആര്യജിത്തിന് പരീക്ഷയുണ്ടായിരുന്നതാണ്. സഹോദരൻ:സൂര്യജിത്ത്(നിയമവിദ്യാർത്ഥി)
മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടു കൊടുത്തു. ഇന്ന് സ്‌കൂളിൽ പൊതുദർശനത്തിനു ശേഷം 12ന് വീട്ടുവളപ്പിൽ സംസ്‌കരിക്കും.