
അമ്പലപ്പുഴ: അമ്പലപ്പുഴ കൺസ്യൂമർഫെഡിന്റെ ബിവറേജസ് ഔട്ട് ലെറ്റിൽ നിന്നും വിദേശമദ്യം മോഷ്ടിച്ചവർ പിടിയിലായി. തകഴി പഞ്ചായത്ത് 13-ാം വാർഡിൽ കൻകോളിൽ വീട്ടിൽ ഹരികൃഷ്ണൻ (36), അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 10-ാം വാർഡിൽ വെണ്ണലപറമ്പ് വീട്ടിൽ പത്മകുമാർ ( പപ്പൻ - 38) എന്നിവരെയാണ് അമ്പലപ്പുഴ സി.ഐ എം.പ്രതീഷ് കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഡിസംബർ 13 ന് മദ്യം വാങ്ങാൻ എന്ന വ്യാജേന എത്തിയ പ്രതികൾ റാക്കിൽ സൂക്ഷിച്ചിരുന്ന 7500 രൂപ വില വരുന്ന 9 കുപ്പി വിദേശ മദ്യം മോഷ്ടിച്ച് കടന്ന് കളയുകയായിരുന്നു. തുടർന്ന് മാനേജരുടെ പരാതിയിന്മേൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതികളെ തിരിച്ചറിയുകയും എറണാകുളത്ത് ഒളിവിൽ കഴിയുന്നതിനിടെ പിടികൂടുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. എസ്.ഐ അനീഷ് കെ.ദാസ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ എം.കെ. വിനിൽ , ബിബിൻദാസ്, ജോസഫ് ജോയി, മുഹമ്മദ് ഷെഫീഖ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.