
ചേർത്തല : കൂട്ടുകാർക്കൊപ്പം കുളിക്കുകയായിരുന്ന ആര്യജിത്ത് ആഴങ്ങളിലേക്ക് മുങ്ങി താണുപോയപ്പോൾ തന്നെ കൂട്ടുകാർ അവന്റെ ജീവൻ രക്ഷിക്കാൻ ബഹളം കൂട്ടി. പക്ഷേ, സമീപത്തെ ക്ഷേത്രത്തിൽ മൈക്ക് പ്രവർത്തിച്ചിരുന്നതിനാൽ കുട്ടികളുടെ ബഹളം പുറത്തേയ്ക്ക് കേട്ടിരുന്നില്ല. കുളത്തിൽ കുളിച്ചു കൊണ്ടിരുന്ന വ്യക്തിയോടു കൂട്ടുകാരൻ വെള്ളത്തിൽ മുങ്ങിയെന്നും രക്ഷിക്കണമെന്നും പറഞ്ഞെങ്കിലും കുട്ടികളുടെ കളിവാക്കാണെന്നു പറഞ്ഞ് നിരസിച്ചു.ഇതിനു ശേഷം കുട്ടികൾ തൊട്ടുമുമ്പു കുളത്തിൽ കുളിച്ചുമടങ്ങിയ പഞ്ചായത്തംഗം വി.പി.ബിനുവിനെ തേടി വീട്ടിലെത്തിയാണ് വിളിച്ചുകൊണ്ടുവന്നത്.ബിനു വെള്ളത്തിൽ ചാടി മൂന്നു സ്ഥലങ്ങളിൽ മുങ്ങിയെങ്കിലും കണ്ടെത്തിയില്ല.പിന്നീട് കുളത്തിൽ രൂപപ്പെട്ടിരുന്ന ആഴമുള്ള കുഴിയിൽ മുങ്ങിയപ്പോഴാണ് ചെളിയിൽ കുത്തിയിരിക്കുന്ന നിലയിൽ ആര്യജിത്തിനെ കണ്ടെത്തിയത്.
കരക്കെത്തിക്കുമ്പോൾ ജീവനുണ്ടായിരുന്നു. പ്രാഥമിക ശുശ്രൂഷ നൽകിയശേഷം സമീപത്തെ തണ്ണീർമുക്കം പ്രാഥമികാരോഗ്യകേന്ദ്രത്തിൽ എത്തിച്ച് ഡോക്ടർമാരും ജീവൻ രക്ഷിക്കാനുള്ള ശ്രമം നടത്തി. തുടർന്ന് ട്രിപ്പിടുന്നതിനിടെയാണ് മരണം സംഭവിച്ചത്.എന്നാൽ ഒന്നോ രണ്ടോമിനിട്ടിനു മുന്നേ കുട്ടിയെ കരയിലെത്തിക്കാനായിരുന്നെങ്കിൽ ജീവൻ രക്ഷിക്കാനാകുമായിരുന്നെന്നാണ് വിലയിരുത്തൽ.
വ്യാഴാഴ്ച രാവിലെയാണ് തണ്ണീർമുക്കത്തെ പൊതുകുളത്തിൽ മുങ്ങി കൊക്കോതമംഗലം സെയന്റ് ആന്റണീസ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസുകാരൻ ആര്യജിത്ത്(13)മരിച്ചത്.സ്‌കൂളിൽ ഉച്ചക്കു ശേഷമായിരുന്നു പരീക്ഷ.അതിനു മുന്നോടിയായി കുട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം.സ്ഥിരമായി കുളിക്കാൻ എത്തുന്ന ആര്യജിത്ത് കൂട്ടുകാർക്കൊപ്പം പാത്തുകളിക്കുക പതിവുണ്ടായിരുന്നു. നവീകരണ പ്രവർത്തനങ്ങൾ നടക്കുന്ന കുളത്തിലെ മണൽ കുന്നുകളിൽ മറഞ്ഞിരുന്നാണ് പതിവ് കളി രീതി.
ഏറെ വിസ്തൃതിയുള്ള കുളത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ പത്തുമാസമായി നടക്കുകയായിരുന്നു.ആഴം കൂട്ടലടക്കമുള്ള പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ പലയിടത്തും വലിയ താഴ്ചയായി മാറിയിരുന്നു.പ്രവർത്തനങ്ങൾ അപകടങ്ങൾക്കു കാരണമാകുന്നതായി കാട്ടി പ്രദേശവാസികൾ പരാതിയും നൽകിയിരുന്നതാണ്.