ആലപ്പുഴ: ക്രിസ്മസ് അവധിക്കാലം ആഘോഷിക്കാൻ ബംഗളൂരുവിൽ നിന്ന് നാട്ടിലെത്തുന്ന മലയാളികൾക്ക് ആശ്വാസം പകർന്ന് ബംഗളൂരു- ആലപ്പുഴ അധിക ബസ് സർവീസുമായി കർണ്ണാടക ആർ.ടി.സി . കെ.സി.വേണുഗോപാൽ എം.പിയുടെ ഇടപെടലിനെ തുടർന്നാണ് സ്പെഷ്യൽ ബസ് സർവീസ് ആരംഭിച്ചത്.
ഇന്ന് രാത്രി 7.45ന് ബംഗളൂരുവിൽ നിന്ന് ആലപ്പുഴയിലേക്ക് പുറപ്പെട്ടു നാളെ രാവിലെ 7.15ന് ആലപ്പുഴയിലെത്തും. ഐരാവത് ക്ലബ് ക്ലാസ് സെമി സ്ലീപ്പർ ബസ്സാണ് സർവീസ് നടത്തുക. എറണാകുളം, ചേർത്തല, ആലപ്പുഴ ഭാഗങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഏറെ സഹായകരമാണ് ഈ അധിക ബസ് സർവീസ്.