ഹരിപ്പാട്: ഹരിപ്പാട് മുൻസിപ്പാലിറ്റിയുടെ പരിധിയിലുള്ള വിദ്യാലയങ്ങളിൽ ആദ്യത്തെ ലഹരിരഹിത വിദ്യാലയമായി സംസ്ഥാന ആരോഗ്യവകുപ്പ് നങ്ങ്യാർകുളങ്ങര എസ്. എൻ ട്രസ്റ്റ്സ് ഹയർ സെക്കൻഡറി സ്കൂളിനെ പ്രഖ്യാപിച്ചു. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ലഹരിരഹിത വിദ്യാലയം സ്വായത്തമാക്കുന്നതിനുള്ള 9 അടിസ്ഥാനഘടകങ്ങൾ പ്രാവർത്തികമാക്കിയപ്പോഴാണ് നങ്ങ്യാർകുളങ്ങര എസ്. എൻ ട്രസ്റ്റ്സ് ഹയർ സെക്കൻഡറി സ്കൂളിന് പ്രസ്തുത പദവി ലഭിച്ചത്. ലഹരിവിരുദ്ധ ഫ്ലാഷ് മോബ് അവതരണം, ലഹരിവിരുദ്ധ പോസ്റ്റർ പ്രദർശനം, ലഘുലേഖ വിതരണം, ലഹരിവിരുദ്ധ പ്രതിജ്ഞ, ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ്, ലഹരിവിരുദ്ധ ഓട്ടൻതുള്ളൽ അവതരണം തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾ ലഹരിയുമായി ബന്ധപ്പെട്ട് സ്കൂളിൽ നടത്തിയിരുന്നു. ഹരിപ്പാട് മുൻസിപ്പാലിറ്റി ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീദേവി, പ്രിൻസിപ്പൽ ജയൻ.യു, ഹെഡ്മിസ്ട്രസ് ബിജി.എസ്, പി. ടി. എ പ്രസിഡന്റ് ദിലീപ് കുമാർ, നോഡൽ ആദ്ധ്യാപകരായ രാധീഷ് കുമാർ, അഭിലാഷ്. കെ, റീന. വി,ധന്യ. കെ. എം എന്നിവർ ചടങ്ങിൽ പങ്കെടുത്തു.