ഹരിപ്പാട്: ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളിലെ പുലിമുട്ട്, ടെട്രോപോഡ് ഉപയോഗിച്ചുള്ള കടൽഭിത്തി നിർമ്മാണവുമായി ബന്ധപ്പെട്ട് ലോകബാങ്ക് മിഷൻ പ്രതിനിധി ഡയറക്ടർ ധർമ്മലശ്രീയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം തൃക്കുന്നപ്പുഴ, ആറാട്ടുപുഴ പഞ്ചായത്തുകൾ സന്ദർശിക്കുമെന്ന് രമേശ് ചെന്നിത്തല എം.എൽ.എ അറിയിച്ചു. ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളിലെ കടലാക്രമണ പ്രതിരോധ പ്രവൃത്തികളുടെ പരോഗതി വിലയിരുത്തുന്നതിനായി മന്ത്രി റോഷി അഗസ്റ്റിന്റെ അദ്ധ്യക്ഷതയിൽ സെക്രട്ടറിയേറ്റിൽ നടന്ന അവലോകന യോഗത്തിലാണ് തീരുമാനം. തൃക്കുന്നപ്പുുഴ, ആറാട്ടുപുഴ പഞ്ചായത്തുകളിൽ കടൽഭിത്തിയുടെ അഭാവം കാരണം ജനങ്ങൾ നേരിടുന്ന പ്രയാസങ്ങളും, പ്രതിസന്ധികളും രമേശ് ചെന്നിത്തല യോഗത്തിൽ അവതരിപ്പിച്ചു.തൃക്കുന്നപ്പുഴ, ആറാട്ടുപുഴ പഞ്ചായത്തിലെ പ്രണവം ജംഗ്ഷൻ, കുമാരകോടി, തോപ്പിൽതൈമൂല, കോട്ടേമുറി, ചേലക്കാട്, പള്ളിപ്പാട്ടുമുറി, പല്ലന, പാനൂർ, വലിയഴീക്കൽ, തറയിൽകടവ്, എകെജി ജംഗ്ഷൻ, പെരുമ്പള്ളി, പതിണ്ണയാങ്കര, എംഇഎസ് ജംഗ്ഷൻ,പല്ലന ദേവീക്ഷേത്രത്തിന് പടിഞ്ഞാറ് വശം മുതൽ വടക്കോട്ട് പല്ലന പുത്തൻചന്തക്ക് പടിഞ്ഞാറ് വശം വരെയുള്ള പ്രദേശം , പെരുമ്പള്ളി, വലിയഴീക്കൽ, രാമഞ്ചേരി, മംഗലം, കാർത്തിക ജംഗ്ഷൻ, പത്തിശ്ശേരി, ജംഗ്ഷൻ മുതൽ മംഗലം വരെയുള്ള ഭാഗങ്ങളിൽ രൂക്ഷമായ കടലാക്രമണം നേരിടുന്നതായി രമേശ് ചെന്നിത്തല യോഗത്തിൽ ചൂണ്ടിക്കാട്ടി. നല്ലാണിക്കൽ പ്രദേശത്തെ ടെട്രോപോഡുകളുടെ നിർമ്മാണത്തിനുള്ള പുതുക്കിയ എസ്റ്റിമേറ്റിന് അനുമതി ലഭിച്ചു. അടുത്ത ആഴ്ച്ച മുതൽ നിർവ്വഹണം ആരംഭിക്കും. 200 കോടി രൂപയുടെ പുലിമുട്ട്, കടൽഭിത്തി നിർമ്മാണത്തിനുള്ള ജോലികളാണ് ലോകബാങ്ക് സഹായത്തോടെ നടപ്പിലാക്കാൻ വിഭാനം ചെയ്തിട്ടുള്ളത്. ഇതിന്റെ പ്രായോഗികതയും, അനിവാര്യതയും വിലയിരുത്തുന്നതിനാണ് ലോകബാങ്ക് മിഷൻ ഡയറക്ടർ ധർമ്മലശ്രീയുടെ നേതൃത്വത്തിലുള്ള സംഘം തൃക്കുന്നപ്പുഴ,ആറാട്ടുപുഴ പ്രദേശങ്ങൾ സന്ദർശിക്കുന്നത്.