ആലപ്പുഴ: ഓൺലൈനിലൂടെ പത്തുലക്ഷം രൂപ തട്ടിയെടുത്ത ജാർഖണ്ഡ് സ്വദേശിയെ പ്രൊഡക്ഷൻ വാറണ്ടിലൂടെ ആലപ്പുഴ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഹാജരാക്കി. ധൻബാദ് ജാരിയ സ്വദേശിയായ സമീർ അൻസാരിയാണ് റിമാന്റിലായത്.ഷെയർ ട്രേഡിങ്ങിലൂടെ പണം സമ്പാദിക്കാമെന്ന് പറഞ്ഞ് മണ്ണഞ്ചേരി സ്വദേശിയായ യുവാവിൽ നിന്നും ആൾമാറാട്ടം നടത്തി പണം തട്ടിയ കേസിലെ പ്രതിയാണ്. ഡി.സി.ആർ.ബി ഡിവൈ.എസ്.പി കെ.എൽ.സജിമോന്റെ മേൽനോട്ടത്തിൽ ആലപ്പുഴ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ഏലിയാസ് പി.ജോർജ്ജ്, സബ്ഇൻസ്‌പെക്ടർ ശരത് ചന്ദ്രൻ, സിവിൽ പൊലീസ് ഓഫീസർ ജേക്കബ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം റാഞ്ചിയിൽ നടത്തിയ അന്വേഷണത്തിൽ പ്രതി സമാന സാമ്പത്തിക തട്ടിപ്പുകേസിൽ പെട്ട് റാഞ്ചിയിലെ ബിർസാ മുണ്ട ജയിലിൽ ആണ് എന്ന് അറിഞ്ഞു. തുടർന്ന് ആലപ്പുഴ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി പ്രൊഡക്ഷൻ വാറണ്ട് ഉത്തരവ് പുറപ്പെടുവിച്ചാണ് പ്രതിയെ റാഞ്ചിയിൽ നിന്നും ആലപ്പുഴയിൽ എത്തിച്ചത്.