tur

തുറവൂർ: ഒറ്റയ്ക്ക് താമസിച്ചിരുന്ന വൃദ്ധ വീടിനുള്ളിൽ പൊള്ളലേറ്റു മരിച്ചു. തുറവൂർ വളമംഗലം വടക്ക് കുന്നേൽ പറമ്പിൽ പരേതനായ സത്യന്റെ ഭാര്യ പുഷ്പ (67) ആണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച രാത്രി ഏഴരയോടെയായിരുന്നു സംഭവം. സന്ധ്യയ്ക്ക് കത്തിച്ചു വച്ചിരുന്ന നിലവിളക്കിൽ നിന്ന് പുഷ്പ ധരിച്ച സാരിയിൽ തീ പടർന്നതാണ് മരണകാരണമെന്ന് കുത്തിയതോട് പൊലീസ് പറഞ്ഞു. അസുഖബാധിതയായ പുഷ്പയ്ക്ക് തീ പ്രതിരോധിക്കാനായില്ല. വീടിനുള്ളിൽ സ്ഥാപിച്ചിട്ടുള്ള സി.സി.ടി.വി യിൽ അപകടദൃശ്യം പതിഞ്ഞിട്ടുണ്ട്. മുറിയ്ക്കുള്ളിൽ നിന്ന് പുക ഉയരുന്നതു കണ്ട അയൽ വാസികൾ ഇവരുടെ വീട്ടിലെത്തിയപ്പോഴാണ് മരിച്ചനിലയിൽ കാണപ്പെട്ടത്. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ഇന്നലെ ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ സംസ്ക്കരിച്ചു. വിവാഹിതരായ രണ്ട് പെൺമക്കളുണ്ട്.