ആലപ്പുഴ: പഞ്ചായത്ത് രാജ് നിയമത്തിലെ ഫാം ലൈസൻസ് ചട്ടങ്ങളിൽ ഇളവ് വരുത്തിയത് കർഷകർക്ക് വലിയ ആശ്വാസമായി. 2012ലെ ചട്ടമനുസരിച്ചാണ് ലൈവ് സ്റ്റോക്ക് ഫാമുകൾക്ക് ലൈസൻസ് നൽകിയിരുന്നത്. ഇത് അനുസരിച്ച് അഞ്ച് പശുക്കൾ, അഞ്ച് പന്നികൾ, ഇരുപത് ആടുകൾ, ഇരുപത്തിയഞ്ച് മുയലുകൾ, നൂറ് കോഴികൾ ഉൾപ്പടെ വളർത്തണമെങ്കിൽ ലൈസൻസ് നിർബന്ധമായിരുന്നു. എന്നാൽ, സംരംഭകർ, കർഷകർ, മേഖലയിലെ വിദഗ്ദ്ധർ തുടങ്ങിയവരുടെ നിർദ്ദശങ്ങൾ പരിഗണിച്ച് ലൈസൻസ് ചട്ടം പൂർണമായും ഭേദഗതി ചെയ്യുകയായിരുന്നു. വീടുകളിൽ ഒരു പന്നിയെ വളർത്തിയാലും ലൈസൻസ് വേണമെന്ന നിബന്ധന മാറി, അഞ്ച് എണ്ണം വളർത്തിയാലും ലൈസൻസ് ആവശ്യമില്ലെന്നതാണ് പുതിയ നിയമം. എന്നുമാത്രമല്ല,

മൃഗങ്ങളുടെ പ്രായം പരിഗണിക്കാതെ എണ്ണം കണക്കാക്കിയായിരുന്നു

പഞ്ചായത്തുകൾ ലൈസൻസ് നൽകിയിരുന്നതെങ്കിൽ, ഇപ്പോൾ മുതിർന്ന മൃഗങ്ങളുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങളും നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ലൈസൻസിനുള്ള നടപടിക്രമങ്ങൾ ലളിതമാക്കുകയും പരമാവധി 5 വർഷം വരെ കാലാവധി നേടാനാനുമാകും.

ക്ളാസുകളായി തിരിച്ച് ലൈസൻസ്

# മുതിർന്ന 10 കന്നുകാലികൾ, 50 ആടുകൾ, മുയലുകൾ, ടർക്കികൾ, 500കോഴികൾ, 1000 കാടകൾ,15 ഊരുക്കൾ രണ്ട് ഒട്ടകപക്ഷികൾ എന്നിവയെ പരിപാലിക്കുന്ന ഫാംമുകൾക്ക് 2024ലെ ലൈവ് സ്റ്റോക്ക് ഭേദഗതി ചട്ടമനുസരിച്ച് ലൈസൻസ് ആവശ്യമില്ല

# 18മാസത്തിന് മുകളിൽ പ്രായമുള്ള പശുക്കൾ, എരുമകൾ, ഒരു വയസിന് മുകളിലുള്ള ആടുകൾ, ആറുമാസത്തിന് മുകളിലുള്ള പന്നികൾ, മുയലുകൾ എന്നിവയെയാണ് മുതിർന്നവയായി പരിഗണിക്കുക. മുട്ടക്കോഴി, ഇറച്ചി താറാവ് എന്നിവയുടെ കാര്യത്തിലും പുതിയ ഭേദഗതിയിൽ വ്യക്തത വരുത്തിയിട്ടുണ്ട്.

# മൃഗങ്ങളുടെ എണ്ണം, അടിസ്ഥാന സംവിധാനം എന്നിവയുടെ അടിസ്ഥാനത്തിൽ ആറ് വിഭാഗങ്ങളായി തിരിച്ചാണ് ലൈസൻസ് ഫീ ഈടാക്കുന്നത്. ഓരോ വിഭാഗത്തിലെയും മൃഗങ്ങളുടെ എണ്ണവും ഉയർത്തിയിട്ടുണ്ട്

# 11മുതൽ 20 വരെ പശുക്കളുള്ള ഫാമുകൾ ക്ലാസ് ഒന്നിലും 50 വരെയുള്ളവ രണ്ടിലും 100വരെയുള്ള മൂന്നിലും 150 വരെയുള്ളവ നാലിലും ഉൾപ്പെടുന്നു. ക്ലാസ് ഒന്നിലെ ഫാമിന് ഒരു വർഷത്തെ ലൈസൻസ് ഫീസ് 100 രൂപയും മറ്റുള്ളവയ്ക്ക് യഥാക്രമം 250, 300, 500 എന്നിങ്ങനെയുമാണ്

# ഫാമുകളുടെ കുറഞ്ഞ വിസ്തൃതിയിലും മാറ്റം വരുത്തി. മൂന്ന് പശുക്കൾ, പത്ത് ആടുകൾ രണ്ട് പന്നികൾ, 20 മുയലുകൾ, 250 കോഴികൾ, 1000 കാടകൾ എന്നിവ വളർത്താൻ ഒരു സെന്റിൽ കുറഞ്ഞ സ്ഥലം മതി. 15 കോഴികളെ വളർത്താൻ മുമ്പ് ഒരു സെന്റ് സ്ഥലം വേണമായിരുന്നു.