a

മാവേലിക്കര : മാവേലിക്കര നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ രാത്രികാലങ്ങളിൽ കോഴിഅവശിഷ്ടങ്ങളടക്കമുള്ള മാലിന്യം തള്ളുന്നത് വ്യാപകമായിട്ടും നഗരസഭാധികൃതരുടെ പരിശോധന കാര്യക്ഷമമല്ലെന്ന് ആക്ഷേപം. മുമ്പ് നഗരസഭാധിത‌ർ രാത്രികാല പരിശോധന കർശനമാക്കിയിരുന്നപ്പോൾ മാലിന്യം തള്ളുന്നത് കുറഞ്ഞിരുന്നതാണ്. എന്നാൽ പരിശോധന കുറഞ്ഞതോടെ വീണ്ടും പഴയ അവസ്ഥയിലായി. നിരീക്ഷണക്യാമറകൾ സ്ഥാപിച്ചിട്ടുള്ള വഴികളിൽപ്പോലും മാലിന്യ ചാക്കുകൾ കൊണ്ടിട്ടിട്ടും നടപടി സ്വീകരിക്കുന്നില്ല.

കഴിഞ്ഞ കുറച്ചുനാളായാണ് മാലിന്യം ചാക്കുകളിൽ കെട്ടി തള്ളുന്നത് പതിവായത്. നേരം വെളുക്കുമ്പോഴേക്കും പലേടത്തായി ചാക്കുകെട്ടുകൾ പ്രത്യക്ഷപ്പെടും. വീടുകളിൽ നിന്നുള്ള മാലിന്യം മുതൽ കോഴിക്കടകളിലേയും മത്സ്യവില്പന കേന്ദ്രങ്ങളിലേയും അവശിഷ്ടങ്ങൾ വരെ കൂട്ടത്തിൽ ഉണ്ടാകാറുണ്ട്.

ദുർഗന്ധവും തെരുവ് നായശല്യവും

 മാലിന്യചാക്കുകളിൽ നിന്ന് ഭക്ഷണ അവശിഷ്ടം യഥേഷ്ടം ലഭിക്കുന്നതിനാൽ നഗരത്തിൽ തെരുവ് നായ് ശല്യവും വർദ്ധിച്ചു

 ഇടവഴികളിലും പ്രധാന റോഡുകളിലും തെരുവ് നായ്ക്കൾ ഒരുപോലെ വിലസുകയാണ്

 നഗരഹൃദയത്തിൽ വാട്ടർ അതോറിട്ടിയിലേക്കുള്ള വഴിയിലാണ് കൂടുതലായി മാലിന്യം തള്ളുന്നത്

 പുതിയകാവ് - പൊലീസ് സ്റ്റേഷൻ, അയ്യപ്പാസ് - ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, പുതിയകവ് - കല്ലുമല റോഡുകൾ, കൊറ്റാർകാവിലെ ഇടവഴികൾ എന്നിവയും മാലിന്യനിക്ഷേപകേന്ദ്രം

 മുനിസിപ്പൽ ടൗൺഹാൾ റോഡ്, ഫയർ സ്റ്റേഷന് പടിഞ്ഞാറ് ഭാഗത്തേക്കുള്ള റോഡ് എന്നിവിടങ്ങളിലും മാലിന്യം തള്ളുന്നുണ്ട്

നിക്ഷേപിക്കപ്പെടുന്ന മാലിന്യ ചാക്കുകൾ അതേ ദിവസം തന്നെ നഗരസഭ നീക്കണമെന്നില്ല. ഇത്തരം സാഹചര്യത്തിൽ ദുർഗ്ഗന്ധം വമിച്ച് നാട്ടുകാർക്ക് വഴിനടക്കാൻ പോലും പ്രയാസമാകുന്ന അവസ്ഥയുണ്ട്

- നഗരവാസികൾ