graval-neekkam-cheyyunnu

മാന്നാർ : റോഡിൽ വീണ ഗ്രാവൽ പൊടിയിൽ മുങ്ങി യാത്രക്കാരും നാട്ടുകാരും ഏറെ കഷ്ടത്തിലായതോടെ രക്ഷകരായി ഓട്ടോറിക്ഷാ തൊഴിലാളികളും അഗ്നി രക്ഷാസേനയും എത്തി. തിരുവല്ല - മാവേലിക്കര സംസ്ഥാന പാതയിൽ മാന്നാർ തൃക്കുരട്ടി ജംഗ്ഷനിൽ ഇന്നലെ പുലർച്ചയോടെയാണ് റോഡിന് നടുവിൽ ഗ്രാവൽ നിറഞ്ഞത്. പുലർച്ചെ പാഞ്ഞ് കടന്നുപോയ ടിപ്പർ ലോറിയിൽ നിന്ന് റോഡിലേക്ക് വീണ ഗ്രാവൽ യാത്രക്കാരെയും വ്യാപാരികളെയും ഓട്ടോറിക്ഷാ തൊഴിലാളികളെയും ഏറെ വലച്ചു. വെയിലേറ്റ് ഈർപ്പം നീങ്ങിയതോടെ വാഹനങ്ങൾ കടന്നുപോകുമ്പോൾ പൊടി പാറി. വിവരമറിഞ്ഞ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.വി രത്നകുമാരി പൊതുമരാമത്ത് ഉദ്യോഗസ്ഥരെ അറിയിച്ചെങ്കിലും നടപടി ഉണ്ടായില്ല. തുടർന്ന് തൃക്കുരട്ടി ജംഗ്ഷനിലെ ഓട്ടോ തൊഴിലാളികളായ അമീർഖാൻ, സുധീർ, സോമൻ, വിവേക്, പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിൽ ഗ്രാവൽ നീക്കി റോഡ് വൃത്തിയാക്കാനുള്ള ശ്രമം നടത്തിയെങ്കിലും ടാർ റോഡിൽ ഉറച്ച ഗ്രാവൽ പൂർണ്ണമായും നീക്കാനായില്ല.

പൊടിയിൽ മുങ്ങി യാത്രാ ദുരിതവും അപകടാവസ്ഥയും ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് മാന്നാർ മീഡിയ സെന്റർ സെക്രട്ടറിയും മാന്നാർ എമർജൻസി റെസ്ക്യൂ ടീം സെക്രട്ടറിയുമായ അൻഷാദ് മാന്നാർ അറിയിച്ചതിനെ തുടർന്ന് വൈകിട്ട് മൂന്ന് മണിയോടെ ചെങ്ങന്നൂർ ഫയർ സ്റ്റേഷനിലെ ഗ്രേഡ് എ.എസ്.ടി.ഒ സജീവിന്റെ നേതൃത്വത്തിൽ എഫ്.ആർ.ഒ.മാരായ അനീഷ് , രതീഷ് കുമാർ, മിഥുൻ ബിനിഷ് ഹോംഗാർഡ് രാജൻ തോമസ് എന്നിവരടങ്ങിയ അഗ്നിശമന സേനാംഗങ്ങൾ എത്തി ഏറെ പണിപ്പെട്ട് വെള്ളം പമ്പ് ചെയ്ത് റോഡ് വൃത്തിയാക്കിയതോടെയാണ് ആശ്വാസമായത്.