dbgds

മുഹമ്മ: പാതിരാമണൽ ഫെസ്റ്റിന്റെ ഭാഗമായി ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിച്ചു. ആദിവാസികളുടെ ജീവിതത്തെ ആസ്പദമാക്കി പ്രിയനന്ദനൻ സംവിധാനം ചെയ്ത

'ധബാരി കുരുവി ' എന്ന സിനിമയുടെ പ്രദർശനവും നടന്നു. അട്ടപ്പാടിയിലെ ആദിവാസികളുടെ ജീവിതത്തിന്റെ നേർക്കാഴ്ചയൊരുക്കിയ ചിത്രം കാണികളുടെ മനം കവർന്നു. കാടിന്റെ വശ്യതയും ഇതിവൃത്തത്തിന്റെ തികവും ഒത്തിണങ്ങിയ ചിത്രം പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ ജീവിത പ്രശ്നങ്ങളിലേക്കുള്ള കണ്ണാടിയായി. അട്ടപ്പാടിക്കാരുടെ പാരമ്പര്യ കലയായ രാമർകൂത്തിന്റെ അവതരണത്തോടെയാണ് ജനപ്രതിനിധികൾ ഉൾപ്പെടെയുള്ള പ്രേക്ഷകർക്ക് മുന്നിൽ സിനിമ പ്രദർശിപ്പിച്ചത്. പ്രകൃതി വിഭവങ്ങളുടെ അനിയന്ത്രിത ചൂഷണത്തിന്റെ കെടുതികളാണ് കാലം തെറ്റിയ മഴയും കടുത്ത വേനലുമെന്ന് ഫിലിം ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്ത പ്രിയനന്ദനൻ പറഞ്ഞു. മുഹമ്മയിൽ വികസനത്തിന്റെ തിരയിളക്കം സൃഷ്ടിയ്ക്കാൻ കഴിയുന്നതാണ് പാതിരാമണൽ വികസനമെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച പഞ്ചായത്ത് പ്രസിഡന്റ് സ്വപ്നാഷാബു പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.ടി റെജി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ നസീമ, പഞ്ചായത്തംഗങ്ങളായ ജി.സതീഷ്, ടി.സി. മഹീധരൻ, മുൻ പഞ്ചായത്ത് സെക്രട്ടറി പി.വി.വിനോദ് എന്നിവർ സംസാരിച്ചു.