j

ചേർത്തല: മുഖ്യമന്ത്രിയാകാൻ കോൺഗ്രസിൽ ഏറ്റവും യോഗ്യൻ രമേശ് ചെന്നിത്തലയാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശൻ . കണിച്ചുകുളങ്ങരയിൽ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു..

എൻ.എസ്.എസുമായി ഇണങ്ങിയതു കൊണ്ട് ചെന്നിത്തലക്ക് രാഷ്ടീയമായി പ്രത്യേകിച്ച് ഗുണമുണ്ടാകില്ല. അദ്ദേഹവും എസ്.എൻ.ഡി.പി യോഗവും തമ്മിലുള്ള ബന്ധം കടലും കടലാടിയും പോലെയാണ്. മുഖ്യമന്ത്രി പദവിയിലേക്ക് ഉയരാനും നയിക്കാനും മറ്റേരാക്കാളും മെച്ചപ്പെട്ട കഴിവും ശേഷിയും രമേശ് ചെന്നിത്തലക്കുണ്ട്.പെരുമാറ്റം കൊണ്ടും ഇടപെടൽ കൊണ്ടും എതിർപ്പ് വിലയ്ക്ക് വാങ്ങുന്നയാളല്ല ചെന്നിത്തല.തമ്മിൽ ഭേദം തൊമ്മനാണ്. കോൺഗ്രസിന് ഭരണം കിട്ടുമെന്ന പ്രതീക്ഷയില്ല. അതിനാൽ താക്കോൽ സ്ഥാനം കിട്ടുമോയെന്ന് അറിയില്ല. അഞ്ചു പേർ താക്കോലുമായി നടക്കുന്നുണ്ട്.

കെ.പി.സി.സി പ്രസിഡന്റ് പറയുന്നതിന് എതിരായി സംസാരിക്കുന്ന രാഷ്ട്രീയ പശ്ചാത്തലത്തിൽ ഭരണവും താക്കോലും കിട്ടാനുള്ള സാദ്ധ്യതയില്ല. എൻ.എസ്.എസുമായി മഞ്ഞുരുകിയോയെന്ന് തനിക്കറിയില്ല. രമേശിന് എൻ.എസ്.എസുമായി ദീർഘകാലത്തെ ബന്ധമുണ്ട്. അദ്ദേഹത്തെ ഉപേക്ഷിക്കാൻ പറ്റില്ലെന്ന് വൈകിയുണ്ടായ വിവേകത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ വിളിച്ചത്. വൈകിയാണെങ്കിലും എൻ.എസ്.എസ് നേതൃത്വവുമായി സൗഹൃദം പുലർത്തുന്നത് നല്ലതാണ്.പിണങ്ങിയ കാരണം അവർക്കറിയാം. പിണക്കങ്ങൾ തീർത്ത് ഇണങ്ങി പോകുന്നതാണ് എല്ലാ രാഷ്ട്രീയ നേതാക്കൾക്കും നല്ലത്.രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് പിന്തുണക്കുമോയെന്ന ചോദ്യത്തിന്, ജനിക്കാത്ത കുട്ടിക്ക് എന്തിന് പേരിടണമെന്നായിരുന്നു വെള്ളാപ്പള്ളിയുടെ മറുപടി.