ആലപ്പുഴ : ജില്ലയിൽ അമ്പതോളം എസ്.ഐ തസ്തികകളിൽ ആളില്ലാതായതോടെ കേസന്വേഷണവും എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങളും അവതാളത്തിലായി. ലോക്കൽ സ്റ്റേഷനുകളിലും രഹസ്യാന്വേഷണ വിഭാഗങ്ങൾ ഉൾപ്പെടെയുള്ള സ്പെഷ്യൽ യൂണിറ്റുകളിലുമാണ് മാസങ്ങളായി എസ്.ഐ കസേരകളിൽ ആളില്ലാത്തത്. മണ്ഡലകാലത്ത് ശബരിമല ഡ്യൂട്ടിയ്ക്കുൾപ്പെടെ ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ നിന്ന് ഉദ്യോഗസ്ഥർ നിയോഗിക്കപ്പെട്ടതിനിടെ എസ്.ഐ മാരുടെ അഭാവം കൂടിയായപ്പോൾ സ്റ്റേഷനുകളിൽ എസ്.എച്ച്.ഒമാ‌ർക്കും സ്പെഷ്യൽ യൂണിറ്റുകളിൽ ഡിവൈ.എസ്.പി മാർക്കും ജോലി ഭാരം ഇരട്ടിയായി.

കഴിഞ്ഞ രണ്ട് വർഷത്തിനകം സ്ഥാനക്കയറ്റത്തെയും വിരമിക്കലിനെയും തുടർന്നാണ് ജില്ലയിൽ അമ്പതിലധികം എസ്.ഐ മാരുടെ ഒഴിവുവന്നത്. നിലവിലെ സംവിധാനത്തിൽ സി.ഐമാർക്കാണ് സ്റ്റേഷൻ ചുമതലയെങ്കിലും കുറ്റാന്വേഷണത്തിലും ക്രമസമാധാന പാലനത്തിലും സഹായത്തിന് ഓരോ പ്രിൻസിപ്പൽ എസ്.ഐമാരെ സഹായികളായി വച്ചിട്ടുണ്ട്. കവർച്ച ,കൊലപാതകം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ പ്രതികളെ അന്വേഷിച്ചുപോകാനും തെളിവു കണ്ടെത്താനുമുൾപ്പെടെ എസ്.ഐമാരുടെ സഹായം കൂടിയേ തീരൂ. ക്രമസമാധാന പാലനവുമായി ബന്ധപ്പെട്ട് വി.വി.ഐ.പികൾ പങ്കെടുക്കുന്ന പരിപാടികളുടെ സുരക്ഷാ സംവിധാനം സജ്ജമാക്കൽ, ഉത്സവങ്ങൾക്കും ആഘോഷങ്ങൾക്കും സംരക്ഷണമൊരുക്കൽ, പട്രോളിംഗ്, വി.ഐ.പി എസ്കോർട്ട്, പൈലറ്റ് തുടങ്ങിയ ചുമതലകൾ നിർവഹിക്കാനും എസ്.ഐ റാങ്കിലുള്ള ഉദ്യോഗസ്ഥൻവേണം.

ജില്ലയിൽ അമ്പതോളം ഒഴിവുകൾ

 അടുത്തിടെ പരിശീലനം പൂർത്തിയാക്കിയ എസ്.ഐമാരുടെ നിയമനം ഉടൻ നടക്കാൻ സാദ്ധ്യതയുണ്ട്

 സംസ്ഥാനത്ത് ആയിരത്തോളം ഒഴിവുകൾ നിലനിൽക്കെ 200ൽ താഴെമാത്രമുള്ള ഇവരിൽ നിന്ന് എത്രനിയമനം ജില്ലയിലുണ്ടാകുമെന്ന് കണ്ടറിയണം

 പരിശീലനം കഴിഞ്ഞിറങ്ങിയ ഇവരെ പ്രൊബേഷൻ കഴിയാതെ ക്രമസമാധാനപാലനത്തിന് നിയോഗിക്കാനുമാകില്ല

 ജോലിഭാരം സേനാംഗങ്ങൾക്ക് താങ്ങാനാകാത്ത സ്ഥിതിയുള്ളപ്പോഴും മതിയായ തസ്തികകൾ സൃഷ്ടിക്കാനോ യഥാസമയം നിയമനത്തിനോ നടപടികളില്ല

വാഹന പരിശോധനയ്ക്കും തടസം

വാഹന പരിശോധന ശക്തമാക്കാൻ നിർദേശമുണ്ടെങ്കിലും എസ്.ഐ മാരുടെ അഭാവം തടസമാണ്. ഗ്രേഡ് എസ്.ഐമാർ‌ക്ക് വാഹന പരിശോധനയ്ക്ക് അധികാരമില്ല. ക്രിസ്മസ്. ന്യൂ ഇയർ ആഘോഷം അടുത്തതോടെ ആഘോഷത്തിരക്കിനൊപ്പം ലഹരി വസ്തുക്കളുടെ കടത്തും വിൽപ്പനയും തടയുന്നതിനുള്ള പരിശോധനകളും കാര്യക്ഷമമാക്കേണ്ടതുണ്ട്. മുല്ളയ്ക്കൽ -കിടങ്ങാംപറമ്പ് ചിറപ്പുത്സവ ലഹരിയിലായ നഗരത്തിൽ എത്ര പൊലീസുദ്യോഗസ്ഥരുണ്ടെങ്കിലും മതിയാകാത്ത നിലയിലാണ്.