
ആലപ്പുഴ: തീപ്പെട്ടി മരത്തിന്റെ (മട്ടിയെന്നും പെരുമരമെന്നും വിളിക്കും) തടിയിൽ മാത്രമല്ല, കറയിലും പണം കായ്‌ക്കും. മട്ടി മരത്തിന്റെ ക്ഷാമം തീപ്പെട്ടി വ്യവസായത്തെ അടച്ചുപൂട്ടലിൽ എത്തിച്ചപ്പോൾ നാട്ടുമ്പുറത്തെ കമ്പനികൾ പരിഹാരം തേടി കാർഷിക സർവകലാശാലയെ സമീപിച്ചു. ഇതോടെയാണ് മട്ടിയുടെ മഹത്വം തിരിച്ചറിഞ്ഞത്.
മട്ടിയിൽ നിന്ന് ടാപ്പ് ചെയ്യുന്ന പശ അഗർബത്തിയും കുന്തിരിക്കവും പോലുള്ള സുഗന്ധ വസ്തുക്കൾ, ഇലച്ചാറിൽ നിന്നു തയ്യാറാക്കുന്ന ഡൈകൾ, പെയിന്റ് എന്നിവയ്ക്ക് മേൻമ കൂട്ടും. നല്ല വില കൊടുത്താണ് കമ്പനികൾ മട്ടിപ്പശ വാങ്ങുന്നത്.
കുരുമുകളിന് താങ്ങുമരമാക്കാം. കാപ്പിക്കും കൊക്കോയ്ക്കും തണൽമരമാക്കാം. കവുങ്ങുകൾക്ക് ഇടയിലും കൃഷി ചെയ്യാം. ഇങ്ങനെ ആദായം ഇരട്ടിയാക്കാം.
എറണാകുളം, തൃശൂർ ജില്ലകളിലെ കാർഷിക മേഖലകളിൽ മട്ടികർഷകരുടെ എണ്ണം വർദ്ധിച്ചുവരികയാണ്.
കർഷകരുടെ കൂട്ടായ്മ രൂപപ്പെടുത്തി കൃഷി വ്യാപകമാക്കാൻ കൺസോർഷ്യം രൂപീകരിച്ചിട്ടുണ്ട്. കോളേജ് ഒഫ് ഫോറസ്ട്രി, സ്റ്റേറ്റ് മാച്ച് സ്പ്ലീന്റ്സ് ആൻഡ് വെനീർസ് മാനുഫാക്ചേഴ്സ് അസോസിയേഷൻ എന്നിവ സംയുക്തമായി കൃഷി വ്യാപിപ്പിക്കാൻ രംഗത്തുണ്ട്.
ഒരു കിലോ കറയ്ക്ക് 900
 ഒരു ദിവസം 30 മുതൽ 40 മരംവരെ വെട്ടിയാൽ ഒരു കിലോ കറ കിട്ടും. ഒരു കിലോയ്ക്ക് ഇപ്പോഴത്തെ വില 900 രൂപ
 ഒരുഹെക്ടറിൽ മൂന്നു മീറ്റർ അകലത്തിൽ1111 തൈകൾ നടാം. 70 സെന്റീമീറ്റർ ചുറ്റുവണ്ണം എത്തിയാൽ വെട്ടിത്തുടങ്ങാം
 ഇതിന് ഏഴോ എട്ടോ വർഷം മതി. റബറിനെപ്പോലെ പ്രത്യേക പരിചരണം ആവശ്യമില്ല. വർഷം മുഴുവൻ വെട്ടാം
മരത്തിൽ 20 സെന്റീ മീറ്റർ നീളത്തിൽ മൂന്നു സെന്റീമീറ്റർ വീതിയിൽ തൊലി വെട്ടിയാണ് കറ എടുക്കുന്നത്
ഒരു ടൺ തടിക്ക്
₹ 7500
പത്തു വർഷം വളർച്ച എത്തിയ തടി കറ എടുക്കാതെ തീപ്പെട്ടി കമ്പനിക്ക് കൊടുക്കാം. ഒരു ടൺ തൂക്കമുള്ള മരത്തിന് 7500 രൂപ കിട്ടും. ഒരു ഹെക്ടറിൽ നിന്ന് 8,332,500 രൂപ വരുമാനം.
............................
പത്തുകൊല്ലം മുമ്പ് 85 മരം പരീക്ഷണാടിസ്ഥാനത്തിൽ നട്ടതാണ്. ഇപ്പോൾ നാലര ഏക്കറിൽ 1800 മരങ്ങളുണ്ട്. പ്രത്യേക പരിചരണമോ രോഗഭീതിയോ വേണ്ട. ലാഭകരമാണ്
- മനോജ്, മട്ടിക്കർഷകൻ
കർഷക കൂട്ടായ്മകൾ നടന്നുവരികയാണ്. ഫീസൊന്നുമില്ല. താത്പര്യമുള്ള ആർക്കും പങ്കെടുക്കാം.
- പി. നിയാസ്, കോളേജ് ഒഫ് ഫോറസ്ട്രി
ഫോൺ: 9496304569
....................