
മാന്നാർ : അച്ചൻകോവിലാറ്റിലെ ജലനിരപ്പ് താഴാത്തത് അപ്പർ കുട്ടനാടൻ മേഖലയിലെ മാന്നാർ, ചെന്നിത്തല പ്രദേശങ്ങളിലെ പാടശേഖരങ്ങളിലെ നെൽകൃഷി പ്രതിസന്ധിയിലാക്കുന്നു. രണ്ടാഴ്ച മുമ്പുണ്ടായ ശക്തമായ മഴയിൽ അച്ചൻ കോവിലാറ്റിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ചെന്നിത്തല പുഞ്ചയിലെ 1,2,3,5,8,9 ബ്ലോക്ക് പാടശേഖരങ്ങളിൽ മടവീഴ്ച ഉണ്ടായതോടെ വിതയെല്ലാം നശിച്ച് വിത്തിനത്തിൽ തന്നെ ലക്ഷങ്ങളുടെ നഷ്ടമാണ് കർഷകർക്കുണ്ടായത്.
വീണ്ടും വിത്ത് വിതച്ച് കൃഷി ഇറക്കാൻ കഠിനപ്രയത്നം നടത്തുമ്പോഴും ആറ്റിലെ ജലനിരപ്പ് താഴാതെ നിൽക്കുന്നത് കർഷകരുടെ നെഞ്ചിടിപ്പ് വർദ്ധിപ്പിക്കുന്നു.
അച്ചൻ കോവിലാറ്റിൽ നിന്ന് അധികമായി ഉണ്ടാകുന്ന ഒഴുക്ക് തടസ്സപ്പെടുത്തി കരിപ്പുഴ തോട്ടിൽ ഇറിഗേഷൻ വകുപ്പ് നിർമ്മിച്ച തടയണ പൂർണ്ണമായും നീക്കംചെയ്യാതെ അപ്പർകുട്ടനാട് മേഖലയിലെ മടവീഴ്ചയ്ക്ക് പരിഹാരം കണ്ടെത്താനാവില്ലെന്നാണ് കർഷകർ പറയുന്നത്.
കൃഷി ഇറക്കാൻ കഴിയാതെ നെൽ കർഷകർ
1. മാന്നാർ പഞ്ചായത്തിൽ കുരട്ടിശ്ശേരി പുഞ്ചയിൽ അച്ചൻകോവിലാറിനോട് ചേർന്ന് നിൽക്കുന്ന കുടവെള്ളാരി എ പാടശേഖരത്തിൽ വെള്ളം താഴാതെ നിൽക്കുന്നത് മൂലം കൃഷി ഇറക്കാൻ കഴിയുന്നില്ല
2. പമ്പിംഗ് നടക്കുന്നുണ്ടെങ്കിലും കുടവെള്ളാരി എ യോട് ചേർന്ന് കിടക്കുന്ന ചെന്നിത്തല 14-ാം ബ്ലോക്കിലെ നേന്ത്രവേലിപാടം വെള്ളം നിറഞ്ഞ് കിടക്കുന്നത് ഭീതിപ്പെടുത്തുന്നു
3. ദുർബലാവസ്ഥയിലായ ബണ്ട് ഏത് നിമിഷവും പൊട്ടി മടവീഴ്ച സംഭവിക്കാവുന്ന അവസ്ഥയിലാണ്. വിതച്ചിട്ടിരിക്കുന്ന കുടവെള്ളാരി ബി യിലെ കർഷകരും ആശങ്കയിലാണ്
4. നവംബർ 15ന് കൃഷി ആരംഭിക്കത്തക്ക രീതിയിൽ 20ലക്ഷം രൂപയുടെ നെൽവിത്തുകളാണ് മാന്നാർ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ വഴി സൗജന്യമായി നൽകിയിട്ടുള്ളത്
5. വിവരമറിഞ്ഞ് മാന്നാർ കൃഷി ഓഫീസർ ഹരികുമാർ പി.സിയുടെ നേതൃത്വത്തിൽ കൃഷി ഉദ്യോഗസ്ഥർ കുടവെള്ളാരി എ സന്ദർശിച്ച് കർഷകരുമായി ചർച്ച നടത്തി
അച്ചൻകോവിലാറ്റിലെ ജലനിരപ്പ് കുറഞ്ഞെങ്കിൽ മാത്രമേ കർഷകരുടെ ആശങ്ക മാറുകയുള്ളു. അതിനുള്ള നടപടികൾ കൈക്കൊള്ളണം
- ഗിരീഷ് പി.ബി, സെക്രട്ടറി കുടവെള്ളാരി പാടശേഖര സമിതി
നെൽകർഷകരുടെ ഇപ്പോഴത്തെ പ്രതിസന്ധി ജില്ലാ കലക്ടറുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. തടയണ നീക്കം ചെയ്യുന്നതിന് അടിയന്തിര നടപടികൾ കൈക്കൊള്ളും."
-ടി.വി.രത്നകുമാരി, പ്രസിഡന്റ് മാന്നാർ ഗ്രാമപഞ്ചായത്ത്