ambala

അമ്പലപ്പുഴ: പഠന മികവുകൊണ്ട് സർക്കാർ ക്വാട്ടയിൽ എം.ബി.ബി.എസിന് പ്രവേശനം ലഭിച്ചെങ്കിലും സാമ്പത്തിക പരാധീനത കാരണം പഠനം പാതി വഴിയിൽ ഉപേക്ഷിക്കേണ്ടി വരുമോയെന്ന ആശങ്കയിലാണ് ജിനുതോബിയാസ്.

പുന്നപ്ര തെക്ക് പഞ്ചായത്ത് ഒന്നാം വാർഡ് കാട്ടുപറമ്പിൽ മത്സ്യത്തൊഴിലാളിയായ കെ.എഫ്. തോബിയാസ്,​ ജീവ ദമ്പതികളുടെ രണ്ടാമത്തെ മകളാണ് ജിനു.

ജീവിത ദുരിതങ്ങൾക്കിടയിലും ആലപ്പുഴ സെന്റ് ജോസഫ് ഗേൾസ് ഹയർ സെക്കൻ‌ഡറി സ്കൂളിൽ നിന്ന് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയാണ് ജിനു

പ്ലസ് ടു പാസായത്. തുടർന്ന് എൻട്രസ് പരീക്ഷയിലൂടെ കൊല്ലം ട്രാവൻകൂർ മെഡിക്കൽ കോളേജിൽ മെറിറ്റിൽ പ്രവേശനം നേടി.ഇപ്പോൾ ഒന്നാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥിനിയാണ്.

ജിനുവിന്റെ മുത്ത സഹോദരി ജിഷ തൊടുപുഴയിൽ അവസാന വർഷ ബി.ഡി.എസ് വിദ്യാർത്ഥിനിയാണ്. ഇരുവരുടെയും പഠനത്തിനും ഹോസ്റ്റൽ ഫീസിനും ഉൾപ്പടെ

മാസം ഒരു വലിയ തുക വേണം. മത്സ്യത്തൊഴിലാളിയായ തോബിയാസിന്റെ ചെറിയ വരുമാനം കൊണ്ടുവേണം കുടുബത്തിന്റെ നിത്യവ്യത്തി ഉൾപ്പടെ എല്ലാ ചെലവുകളും നിർവഹിക്കാൻ. കടപ്പുറം വറുതിയിലായതിനാൽ കഴിഞ്ഞ കുറെ നാളുകളായി അതും നടക്കുന്നില്ല.

നാലുസെന്റ് സ്ഥലത്തെ ഷീറ്റ് മേഞ്ഞ വീട്ടിലാണ് ഈ കുടുബം കഴിയുന്നത്. മഴയത്ത് ചോർന്നൊലിക്കും. ലൈഫ് പദ്ധതിയിൽ വീട് അനുവദിച്ചെങ്കിലും സാമ്പത്തിക ബുദ്ധിമുട്ട് കാരണം അടിത്തറ മാത്രമേ പൂർത്തിയാക്കാൻ കഴിഞ്ഞുള്ളൂ.

സംഗീതം, നൃത്തം എന്നിവയിലും കഴിവുതെളിയിച്ചിട്ടുള്ള ജിനുവിന്റെ ഡോക്ടർ മോഹം പൂവണിയണമെങ്കിൽ സുമനസുകൾ കനിയണം.