
ആലപ്പുഴ : അരിയിൽ നിന്ന് റെഡി ടു ഈറ്റ് പാസ്ത , പൈനാപ്പിളിൽ നിന്ന് വിനാഗിരി, ജാതിക്കാത്തോടിൽ നിന്ന് ജെല്ലി, എള്ളിലുണ്ടാക്കിയ ഹൽവ.... തുടങ്ങി വ്യത്യസ്തങ്ങളായ വിഭവങ്ങളുമായി കരപ്പുറം കാഴ്ചാ പ്രദർശനത്തിൽ കൗതുകമായി കേരള കാർഷിക സർവകലാശാല പവലിയൻ.
വാഴ, നെല്ല്, ജാതിക്ക, കശുമാങ്ങ, കൊക്കോ, എള്ള്, റാഗി, ചക്ക, കൂൺ, മത്സ്യം, തേൻ, തേങ്ങ, മാങ്ങ, പൈനാപ്പിൾ തുടങ്ങി ചുറ്റുവട്ടത്തെ കാർഷിക വിഭവങ്ങളിൽ നിന്നുള്ള മൂല്യവർദ്ധിത ഉത്പന്നങ്ങളാണ് സ്റ്റാളിലുള്ളത്. കണ്ണാറ കാർഷിക സർവകലാശാല വാഴ ഗവേഷണ കേന്ദ്രം, കോട്ടയം എ.സി.എ.ആർ കൃഷി വിജ്ഞാനകേന്ദ്രം, ഓണാട്ടുകര മേഖല കാർഷിക ഗവേഷണ കേന്ദ്രം, അഗ്രി ബിസിനസ് ഇൻക്യുബേറ്റർ എന്നീ സ്ഥാപനങ്ങളാണ് കാർഷികസർവകലാശാല സ്റ്റാളിലെ പങ്കാളികൾ.
മൂല്യവർദ്ധിത ഉത്പന്നങ്ങളെക്കുറിച്ച് വ്യത്യസ്തമായ ആശയങ്ങളുമായി എത്തുന്ന കർഷകർക്കും നവസംരംഭകർക്കും നിർദേശങ്ങൾ നൽകാനായി വെള്ളാനിക്കര കാർഷിക സർവകലാശാലയിലെ റാഫ്ത്താർ അഗ്രി ബിസിനസ് ഇൻക്യൂബേറ്റർ ജീവനക്കാരുണ്ട്. ഭക്ഷ്യസംസ്‌കരണ മേഖലയിലെ സൂക്ഷ്മ സംരംഭങ്ങൾക്ക് പിന്തുണ നൽകുന്ന പ്രധാനമന്ത്റി സൂക്ഷ്മ ഭക്ഷ്യസംസ്‌കരണ വ്യവസായ സംരംഭ രൂപവത്കരണ പദ്ധതിയെ കൂടുതൽ അടുത്തറിയാനും ചേർത്തല സെന്റ് മൈക്കിൾസ് കോളേജ് മൈതാനത്തെ സ്റ്റാളിലൂടെ കഴിയും. ഭക്ഷ്യസംസ്‌കരണമേഖലയിലെ പ്രധാനയന്ത്റ സാമഗ്രികളെ പരിചയപ്പെടുത്താനും സ്റ്റാളിൽ അവസരമുണ്ട്. നൂതന ആശയങ്ങളുടെ മാതൃക രൂപീകരണത്തിനായി 5 ലക്ഷം രൂപ വരെയും വാണിജ്യവത്കരണത്തിനും മാതൃകാ വിപുലീകരണത്തിനും 25 ലക്ഷവും അഗ്രി ബിസിനസ്സ് ഇൻക്യൂബേറ്റർ വഴി ധനസഹായമുണ്ട്.
പരമ്പരാഗത കാർഷികോപകരണങ്ങളും
കാർഷിക സർവകലാശാല സംഘടിപ്പിക്കുന്ന ഭക്ഷ്യസംസ്‌കരണ പരിശീലനത്തിനുള്ള രജിസ്‌ട്രേഷനും കൃഷി സംബന്ധമായ സംശയങ്ങൾക്ക് അഗ്രി ക്ലിനിക്കും ഇവിടെ ഒരുക്കിയിട്ടുണ്ട്. വാഴപ്പിണ്ടി, വാഴപ്പൂവ് അച്ചാർ മുതൽ ബനാന ടോഫിയും ജാക്ക് ഫലൂദ മിക്‌സും മഷ്‌റൂം ടോഫിയും റാഗി അവലും കേരച്ചക്കരയും വരെയുള്ള മൂല്യവർധിത ഉത്പന്നങ്ങൾ കാണാനും അവയുടെ നിർമാണരീതികൾ മനസ്സിലാക്കാനും സൗകര്യമൊരുക്കുന്ന സ്റ്റാളിൽ ഒട്ടേറെ സന്ദർശകരാണ് എത്തുന്നത്. പെട്ടിയും പറയും ചക്രവും പത്താഴവും പോലുള്ള പരമ്പരാഗത കാർഷികോപകരണങ്ങളുടെ മാതൃകകൾ പ്രദർശിപ്പിക്കുന്ന സ്റ്റാളിൽ മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ വിൽപ്പനയുമുണ്ട്.