
ചേർത്തല: 92ാമത് ശിവഗിരി തീർത്ഥാടന വേദിയിൽ ഉയർത്തുന്ന ധർമ്മപതാകയുടെ കൊടിക്കയർ ചേർത്തല താലൂക്ക് മഹാസമാധി ദിനാചരണ കമ്മിറ്റിയുടെ നേതൃത്വത്തിൽ പദയാത്രയായി എത്തിക്കും. നാളെ ചേർത്തല കളവംകോടം ശക്തീശ്വരം ക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്ന പദയാത്ര 29ന് ശിവഗിരിയിലെത്തി സമാധി മണ്ഡപത്തിൽ കൊടിക്കയർ സമർപ്പിക്കും. പദയാത്രയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി ക്യാപ്റ്റൻ വിജയഘോഷ് ചാരങ്കാട്ട്, ജനറൽ കൺവീനർ കെ.ആർ.രാജു, ജയധരൻ തിരുനെല്ലൂർ, തങ്കച്ചൻ ഒളതല, മാർത്താണ്ഡൻ മഞ്ഞിപ്പുഴ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
നാളെ രാവിലെ 7ന് പടിഞ്ഞാറെ മനക്കോടം ഗുരുദേവ ക്ഷേത്രത്തിൽ നിന്നും വിളംബര ജാഥ തുടങ്ങും. 11.30ന് മന്ത്രി പി.പ്രസാദ് പദയാത്ര ഉദ്ഘാടനം ചെയ്യും. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ കൊടിക്കയർ പദയാത്ര ക്യാപ്റ്റന് കൈമാറും. മുൻ എം.പി എ.എം.ആരിഫ് മുഖ്യപ്രഭാഷണം നടത്തും. സി.ആർ.ദേവരാജ് ചാരങ്കാട്ട് പതാക കൈമാറും. ട്രാവൻകൂർ മാറ്റ്സ് ആൻഡ് മാറ്റിംഗ്സ് എം.ഡി വി.ആർ.പ്രസാദ് സന്നിഹിതനാകും. കളവംകോടം ക്ഷേത്രയോഗം പ്രസിഡന്റ് അഡ്വ.സി.കെ.ഷാജിമോഹൻ,മുനിസിപ്പൽ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ,വൈസ് ചെയർമാൻ ടി.എസ്.അജയകുമാർ,ആർ.ഭദ്രൻ,വിദ്യാധരൻ തുറവൂർ,ലേജുമോൾ,ആർ.രമണൻ,പി.എം.പുഷ്കരൻ എന്നിവർ സംസാരിക്കും. ജനറൽ കൺവീനർ കെ.ആർ.രാജു സ്വാഗതവും ശാന്തകുമാർ നന്ദിയും പറയും.
ശിവഗിരിയിൽ ഇന്ന്
പുലർച്ചെ 4.30ന് പർണ്ണശാലയിൽ ശാന്തിഹവനം, 5ന് ശാരദാമഠത്തിൽ വിശേഷാൽ പൂജ , 5.30ന് മഹാസമാധിപീഠത്തിൽ വിശേഷാൽ ഗുരുപൂജ, 6ന് തിരു അവതാര മുഹൂർത്ത പ്രാർത്ഥന.
സമ്മേളനവേദിയിൽരാവിലെ 10ന് ശ്രീനാരായണീയ സമൂഹ സമ്മേളനം കൽച്ചൂറി സമാജം ദേശീയ പ്രസിഡന്റ് ജയ് നാരായണൻ ചോക്സെ ഉദ്ഘാടനം ചെയ്യും. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിക്കും. ട്രഷറർ സ്വാമി ശാരദാനന്ദ അനുഗ്രഹപ്രഭാഷണവും തീർത്ഥാടനകമ്മിറ്റി സെക്രട്ടറി സ്വാമി ഋതംഭരാനന്ദ മുഖ്യപ്രഭാഷണവും നടത്തും. സ്വാമി വിഖ്യാതാനന്ദ (കർണാടക), ഡോ. ശേഷഗിരി റാവു (തെലുങ്കാന ഗൗഡ് സംഘം), പ്രൊഫ. അവദേഷ് ഷാ (ഭാരതീയ പ്രബുദ്ധ ജയ്സ്വാൾ മഹാസഭ ഡൽഹി ചാപ്റ്റർ), ഡെൽ പൂനം ചൗധരി ഡൽഹി, ഡോ. അർച്ചന ജയ്സ്വാൾ (നാഷണൽ കൺവീനർ രാഷ്ട്രീയ കൽച്ചൂറി ഏകമഹാസംഘം ഇൻഡോർ), രാജേന്ദ്ര ബാബു (ജനറൽ സെക്രട്ടറി, കൽച്ചൂറി മഹാസഭ), സ്വാമി പ്രബോധതീർത്ഥ (സെക്രട്ടറി, വിശ്വഗാജിമഠം ചേർത്തല) തുടങ്ങിയവർ പ്രസംഗിക്കും.
നാരായണഗുരുകുല കൺവെൻഷന് നാളെ തുടക്കമാകും
വർക്കല: 74-ാമത് നാരായണഗുരുകുല കൺവെൻഷൻ 23ന് വർക്കല നാരായണ ഗുരുകുലത്തിൽ ആരംഭിക്കും. നാരായണഗുരുകുലത്തിലെ ഗൃഹസ്ഥശിഷ്യരുടെ വിശാലകൂട്ടായ്മയായ പീതാംബര സൗഹൃദത്തിലെ അംഗങ്ങളും ഒത്തുചേരും. 29 വരെയാണ് കൺവെൻഷൻ. എല്ലാദിവസവും രാവിലെ 9.30ന് നാരായണ ഗുരുകുലാദ്ധ്യക്ഷൻ ഗുരു മുനിനാരായണ പ്രസാദ്, സ്വാമി ത്യാഗീശ്വരൻ എന്നിവർ പ്രവചനം നടത്തും. ഹോമം, ഉപനിഷത്ത് പാരായണം എന്നിവയും നടക്കും. സന്ധ്യയ്ക്ക് 7ന് പ്രാർത്ഥനാ യോഗത്തിൽ ഗുരുകുലത്തിലെ സന്യാസിമാരും ബ്രഹ്മചാരികളും പ്രഭാഷണം നടത്തും. അടൂരിൽ നിത്യസ്മൃതിയുടെ ഭാഗമായി ചിത്രകലാ ക്യാമ്പിൽ പങ്കെടുത്ത 30 പേരുടെ സൃഷ്ടികളുടെ പ്രദർശനവും ഉണ്ടായിരിക്കും. 23ന് രാവിലെ 9ന് ഡോ. പീറ്റർ ഒപ്പൻഹൈമർ ഗുരുനാരായണഗിരിയിലെ ബ്രഹ്മവിദ്യാ മന്ദിരാങ്കണത്തിൽ പതാക ഉയർത്തും. 10ന് ആകാശവാണി, ദൂരദർശൻ ട്രെയിനിംഗ് സെന്റർ മുൻ ഡയറക്ടർ എസ്.രാധാകൃഷ്ണൻ ഉദ്ഘാടനം നിർവഹിക്കും. ഗുരു മുനിനാരായണപ്രസാദ് അദ്ധ്യക്ഷത വഹിക്കും. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, സ്വാമി വ്യാസപ്രസാദ് എന്നിവർ പ്രഭാഷണം നടത്തും. ഗുരു നിത്യചൈതന്യയതിയുടെ ഇൻഡെലിബിൾ ഇംപ്രെഷൻസ് എന്ന പുസ്തകം പ്രകാശനം ചെയ്യും. 29 വരെ വിവിധ വിഷയങ്ങളിൽ സെമിനാറുകളുമുണ്ടാവും.