chennam

ചേർത്തല: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കെ,​ ചേന്നംപള്ളിപ്പുറം ഗ്രാമപഞ്ചായത്തിൽ രാഷ്ട്രീയ വിവാദം. കോൺഗ്രസ് വനിതാ അംഗത്തെ അയോഗ്യയാക്കാൻ ശനിയാഴ്ച ചേർന്ന പഞ്ചായത്ത് കമ്മിറ്റിയോഗം തിരഞ്ഞെടുപ്പു കമ്മീഷനും ബന്ധപ്പെട്ട ഏജൻസികളോടും ശുപാർശ ചെയ്തു.

16ാം വാർഡിലെ കോൺഗ്രസ് അംഗ നൈസി ബെന്നിക്കെതിരെയാണ് നടപടി.

തൊഴിലുറപ്പ് പദ്ധതി ഫണ്ട് ഇടപാടുമായി ബന്ധപ്പെട്ട പരാതിയിൽ പണം തിരിച്ചടക്കാൻ ഓംബുഡ്സ് മാൻ അംഗത്തിനോട് ശുപാർശ ചെയ്യുകയും അത് തിരിച്ചടക്കുകയും ചെയ്തിരുന്നു.

എന്നാൽ,​ നടപടി അംഗീകരിച്ച് പണം പലിശസഹിതം തിരിച്ചടച്ചതോടെ പഞ്ചായത്തംഗമായി തുടരാൻ നൈസി ബെന്നിക്ക് അർഹതയില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി ശുപാർശ. സംഭവം നടന്ന കാലയളവിലെ സെക്രട്ടറിക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെയും കമ്മിറ്റി നടപടിക്ക് ശുപാർശ ചെയിതിട്ടുണ്ട്.

നടപടിക്കെതിരെ യു.ഡി.എഫ് അംഗങ്ങൾ കമ്മിറ്റിയിൽ വിയോജിച്ചെങ്കിലും എൽ.ഡി.എഫ് അംഗങ്ങൾ ആവശ്യത്തിൽ ഉറച്ചുനിൽക്കുകയും ബി.ജെ.പി അംഗങ്ങൾ ആരോപണ വിധേയയായ അംഗത്തിനെതിരായ നിലപാട് സ്വീകരിക്കുകയും ചെയ്തു.

17 അംഗ പഞ്ചായത്തിൽ എൽ.ഡി.എഫ് 9, യു.ഡി.എഫ് 6, ബി.ജെ.പി 2 എന്നിങ്ങനെയാണ് കക്ഷിനില.

തൊഴിലുറപ്പു പദ്ധതിയിൽ അഴിമതിയും വ്യാജരേഖചമയ്ക്കലും നടന്നതായാണ് ഓംബുഡ്സ്മാൻ കണ്ടെത്തിയിട്ടുള്ളത്. പണം തിരിച്ചടച്ചതോടെ പരാതികൾ അംഗീകരിച്ചതിന് തുല്യമാണ്. സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയിരിക്കുന്നത്

- ടി.എസ്.സുധീഷ്,​
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്

ആരോപണങ്ങൾ തീർത്തും അടിസ്ഥാന രഹിതമാണ്. ഓംബുഡ്സ്മാൻ വിധിയെ തെറ്റായി വ്യാഖ്യാനിക്കുകയാണ്. തുകതിരിച്ചടച്ച് നടപടികൾ അവസാനിപ്പിച്ചതാണ്. തിരഞ്ഞെടുപ്പു മുന്നിൽ കണ്ട് എൽ.ഡി.എഫ് നടത്തുന്ന രാഷ്ട്രീയ പ്രേരിത നീക്കമാണ്. നിയമപരമായും രാഷ്ട്രീയമായും നേരിടും
-നൈസി ബെന്നി,​
കോൺഗ്രസ് അംഗം