
ആലപ്പുഴ: പരീക്ഷ കഴിഞ്ഞ് സ്‌കൂളുകൾക്ക് ക്രിസ്മസ് അവധിയായതോടെ മുല്ലയ്ക്കൽ തെരുവിൽ ആഘോഷത്തിരക്കേറി. മുല്ലയ്ക്കൽ-കിടങ്ങാംപറമ്പ് റോഡിന്റെ ഇരുവശങ്ങളിലും വിസ്മയക്കാഴ്ചകൾ ഒരുക്കി ചിറപ്പ് ഉത്സവം പൊടിപൊടിക്കുകയാണ്.
നാടിന്റെ നാനാഭാഗത്ത് നിന്ന് ജനം ഒഴുകിയെത്തിയതോടെ അഭൂതപൂർവ്വമായ തിരക്കാണ് മുല്ലയ്ക്കലും പരിസരത്തും അനുഭവപ്പെടുന്നത്. അതേസമയം,
കിടങ്ങാംപമ്പ് ക്ഷേത്രത്തിലെ മണ്ഡല ഉത്സവത്തോടനുബന്ധിച്ച് പുലികളിയുടെ ഈറ്റില്ലമായ തൃശ്ശൂരിൽ നിന്ന് ആലപ്പുഴക്ക് നവ്യാനുഭവം പകരാൻ ഇന്ന് പൂരക്കാഴ്ചയായി പുലികളെത്തും. വൈകിട്ട് 5.30ന് മുല്ലക്കൽ രാജരാജേശ്വരി ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച് ദാസപ്പൻ തൃശൂരിന്റെ നേതൃത്വത്തിൽ പുലികൾ കിടങ്ങാംപറമ്പ് ക്ഷേത്ര സന്നിധിയിൽ 6.30ന് എത്തിച്ചേരും. അരമണികിലുക്കി ചടുലതാളങ്ങളോടെ പെൺപുലികൾ ഉൾപ്പെടെ മുപ്പത് പുലിരാജക്കന്മാരും അത്രയും തന്നെ വാദ്യതാളവും ബാന്റ് മേളകലാകതന്മാരും അണിനിരക്കും. മുഹമ്മ മധുവിന്റെ നേതൃത്വത്തിൽ വാദ്യമേളക്കാരുടെ താളത്തിൽ പുലികൾ ക്ഷേത്രമുറ്റത്ത് എത്തുക. രാത്രി 8.30ന് എസ്.എൻ.ഡി.പി യോഗം 3436-ാം നമ്പർ ശാഖയോഗത്തിന്റെയും കറുകയിൽ ഭജനസംഘം നേതൃത്വം നൽകുന്ന താലപ്പോലി വരവും 9ന് വിളക്കെഴുന്നള്ളിപ്പും നടക്കും.
ചിറപ്പ് വിശേഷം
കിടങ്ങാംപറമ്പ് ഭുവനേശ്വരി ക്ഷേത്രം: മണ്ഡലമഹോത്സവം നാലാം ദിവസം ഗണപതി ഹോമം രാവിലെ 4.45ന്, ദേവീമാഹാത്മ്യ സ്തുതിഗീതങ്ങൾ 9ന്, ഹരികഥ 10.30ന്, അന്നദാനം ഉച്ചക്ക് 12ന്, കളരിപ്പയറ്റ് വൈകിട്ട് 5.15ന്, താലപ്പൊലി 6ന്, പുലികളി 6.30ന്, താലം വരവ് രാത്രി 8.45ന്, വിളക്കെഴുന്നള്ളത്ത് 9ന്.
മുല്ലയ്ക്കൽ ശ്രീരാജരാജേശ്വരി ക്ഷേത്രം: ചിറപ്പ് ഉത്സവം ഏഴാം ദിവസം ശ്രീബലി രാവിലെ 8.30ന്, സംഗീതാരാധന 9ന്, കുങ്കുമാഭിഷേകം, കളഭം 10.30ന്, കാഴ്ച ശ്രീബലി വൈകിട്ട് 5ന്, കോലാട്ടം, ദീപക്കാഴ്ച 6.45ന്, മോഹനിയാട്ട കച്ചേരി 7ന്, എതിരേൽപ്പ് രാത്രി 9.45ന്, തീയാട്ടം 11ന്.