മുഹമ്മ: മുഹമ്മ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പാതിരാമണൽ ഫെസ്റ്റിന് 26ന് തുടക്കമാകും,​ 30ന് സമാപിക്കും. പാതിരാമണലിലും കായിപ്പുറത്തും മറ്റുമായി സംഘടിപ്പിക്കുന്ന ഫെസ്റ്റ് കാണാൻ വിദേശികൾ ഉൾപ്പടെ അര ലക്ഷത്തോളം പേർ എത്തിച്ചേരുമെന്ന് പഞ്ചായത്ത്‌ പ്രസിഡന്റ് സ്വപ്ന ഷാബുവും വൈസ് പ്രസിഡന്റ് എൻ. ടി. റെജിയും പറഞ്ഞു. 26ന് വൈകിട്ട് നാലിന് കൊച്ചനാകുളങ്ങര ക്ഷേത്രം, ആസാദ്‌ എൽ പി സ്കൂൾ, സംസ്കൃത ഹൈസ്കൂൾ എന്നിവിടങ്ങളിൽ നിന്ന് ജാഥ ആരംഭിച്ച് കായിപ്പുറം ബോട്ട് ജെട്ടിക്ക് സമീപം ഉദ്ഘാടനസ്ഥലത്ത് എത്തിച്ചേരും. തുടർന്ന് മന്ത്രി സജി ചെറിയാൻ ഫെസ്റ്റിന് തിരിതെളിക്കും. മന്ത്രി പി പ്രസാദ് അദ്ധ്യക്ഷനാകും. മന്ത്രി പി. എ. മുഹമ്മദ്‌ റിയാസ് മുഖ്യപ്രഭാഷണം നടത്തും.കെ.സി.വേണുഗോപാൽ എം.പി മുഖ്യതിഥിയാകും. മുഹമ്മയിലെ പ്രതിഭകളെ മുൻ എംപി എ. എം. ആരിഫ് അനുമോദിക്കും. 27, 28, 30 തീയതികളിൽ രാവിലെ ഒമ്പത് മുതൽ അഞ്ച് വരെ ദ്വീപിൽ വിവിധ വാർഡുകളിൽ നിന്നുള്ളവർ കലാപരിപാടികൾ അവതരിപ്പിക്കും.

30ന് വൈകിട്ട് അഞ്ച് മുതൽ കായിപ്പുറം ബോട്ട് ജെട്ടിയിൽ സമാപന സമ്മേളനം മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്യും.മന്ത്രി പി. പ്രസാദ് അധ്യക്ഷനാകും. വയലാർ ശരത്‌ ചന്ദ്ര വർമ്മ മുഖ്യാതിഥിയാകും.തുടർന്ന് ആലപ്പുഴ ബ്ലൂ ഡയമൺഡ്സിന്റെ ഗാനമേള. പാതിരാമണൽ ദ്വീപിലേക്കുള്ള പ്രവേശനം പാസ് മൂലം നിയന്ത്രിക്കുമെന്നും പഞ്ചായത്ത്‌ സ്ഥിരം സമിതി അദ്ധ്യക്ഷരായ സി. ഡി. വിശ്വനാഥൻ, ടി.എൻ.നസീമ, പഞ്ചായത്ത്‌ അംഗങ്ങളായ വി.വിഷ്ണു, കെ.എസ്.ദാമോദരൻ, ടി. സി. മഹീധരൻ, സെക്രട്ടറി എം. പി. മഹീധരൻ എന്നിവർ പറഞ്ഞു.