ആലപ്പുഴ: ആലപ്പുഴക്കാരുടെ ദേശീയ ഉത്സവമായി മുല്ലയ്ക്കൽ ക്ഷേത്രത്തിലെ ചിറപ്പ് മഹോത്സവം മാറുമ്പോഴും മുല്ലയ്ക്കൽ പൗരാണിക തെരുവ് സംരക്ഷണമെന്ന പ്രഖ്യാപനം യാഥാർത്ഥ്യമാകാതെ നീളുന്നു. നഗരസഭാ ബഡ്ജറ്റിൽ മുല്ലയ്ക്കൽ തെരുവ് സംരക്ഷണത്തിനായി ഒരു കോടി രൂപ വകയിരുത്തിയെങ്കിലും ഫലമുണ്ടായില്ല. സ്വകാര്യ സംരംഭകരുടെയും എം.പി, എം.എൽ.എ എന്നിവരുടെ പ്രാദേശിക വികസന ഫണ്ടുകളിൽ നിന്നുള്ള സഹായവും പ്രതീക്ഷിക്കുന്നതായി ബഡ്ജറ്റിൽ പ്രത്യേകം പരാമർശിച്ചിരുന്നു. പക്ഷേ പദ്ധതിക്ക് പിന്നീട് ഉണർവുണ്ടായില്ല. ഡിസംബറിൽ പ്രതിദിനം ആയിരങ്ങളാണ് മുല്ലയ്ക്കൽ ചിറപ്പ് മഹോത്സവത്തിൽ പങ്കാളിയാകുന്നത്. ടൂറിസം സീസണിൽ ക്ഷേത്രനഗരിയായ മുല്ലയ്ക്കൽ പ്രദേശം സന്ദർശിക്കാൻ ധാരാളം വിദേശികളും വന്നുപോകുന്നു. എന്നിട്ടും ക്ഷേത്ര നഗരിയെ അതിന്റെ പ്രൗഢിയിൽ സംരക്ഷിക്കാനുള്ള പദ്ധതി വെളിച്ചം കാണുന്നില്ല. വൈറ്റ് ടോപ്പിംഗ് നടത്തി പരിഷ്‌ക്കരിക്കപ്പെട്ടതാണ് തെരുവിനുണ്ടായ ഏക മാറ്റം. പതിറ്റാണ്ടുകൾ പഴക്കമുള്ള ധാരാളം കെട്ടിടങ്ങളുള്ള പ്രദേശമാണിത്. ഇവയിൽ പലതും പൊളിഞ്ഞ് വീഴാറായി. പൗരാണിക തെരുവ് സംരക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്തി ഇവ സംരക്ഷിക്കണം. ചെറുകിടക്കാർ മുതൽ വൻകിടക്കാർ വരെയുള്ള സ്വർണ വ്യാപാരികളുടെ കേന്ദ്രം കൂടിയാണ് മുല്ലയ്ക്കൽ തെരുവ്. ഇത്രത്തോളം സ്വർണാഭരണശാലകൾ അടുത്തടുത്തുള്ള മറ്റൊരു പ്രദേശം ജില്ലയിലില്ല.

...........

പാർക്കിംഗ് തലവേദന

നഗരത്തിന്റെ പ്രധാന വ്യാപാര കേന്ദ്രമായിരുന്നിട്ടും മുല്ലയ്ക്കലിൽ വാഹന പാർക്കിംഗ് ക്ലേശകരമാണ്. വ്യാപാരി സംഘടനകളുടെ ഇടപെടലിനെ തുടർന്ന് പൊലീസ് പലപ്പോഴും നിരത്തിലെ കച്ചവടക്കാരെ ഒഴിപ്പാക്കാൻ ശ്രമിക്കാറുണ്ടെങ്കിലും ഫലപ്രദമാകാറില്ല. ഇതോടെ വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള ഭാഗം പോലും കച്ചവടക്കാരെ കൊണ്ട് നിറയും

.......

മുല്ലയ്ക്കൽ തെരുവെന്ന് കേൾക്കുമ്പോൾ തന്നെ ആലപ്പുഴക്കാരുടെ മനസിലെത്തുന്ന പൈതൃക ചിത്രമുണ്ട്. ക്ഷേത്രനഗരിയുടെ പൈതൃകം നിലനിർത്തിക്കൊണ്ടും ആധുനിക സൗകര്യങ്ങൾ ഉൾപ്പെടുത്തിയും തെരുവിനെ സംരക്ഷിക്കണം. ഇത് വ്യാപാരമേഖലയ്ക്കും ഗുണകരമാകും

-വ്യാപാരികൾ, മുല്ലയ്ക്കൽ